ആറടി നീളമുള്ള മുടിയുമായി ഗിന്നസ് റെക്കോർഡ് നേടി ഗുജറാത്തിൽ നിന്നുള്ള പതിനേഴുകാരി

January 20, 2020

ഏറ്റവും നീളമുള്ള മുടിക്ക് ഉടമയായ കൗമാരക്കാരി എന്ന ഖ്യാതിയുമായി ഗിന്നസ് റെക്കോർഡ് നേടി ഗുജറാത്ത് സ്വദേശിനി നിലാൻഷി പട്ടേൽ. പതിനേഴുവയസുകാരിയായ നിലാൻഷിയുടെ മുടിയുടെ നീളം 190 സെന്റിമീറ്റർ ആണ്. അതായത് ആറടി 2.8 ഇഞ്ച്.

ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ നിലാൻഷിയുടെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ 170.5 സെന്റിമീറ്റർ മുടിയുമായി നിലാൻഷി റെക്കോർഡ് നേടിയിരുന്നു.

ഏറ്റവും നീളമുള്ള മുടിയുടെ ഉടമയായ കൗമാരക്കാരി എന്ന റെക്കോർഡ് നേടിയ ഇന്ത്യക്കാരി നിലാൻഷി പട്ടേൽ എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഇവരെ പരിചയപ്പെടുത്തിയിരിക്കുന്നത്.

അമ്മ വീട്ടിലുണ്ടാക്കുന്ന എണ്ണയാണ് മുടിയുടെ രഹസ്യമെന്ന് നിലാൻഷി പറയുന്നു. അമ്മയ്ക്ക് മാത്രമേ ആ ചേരുവകൾ അറിയൂ എന്നും നിലാൻഷി വ്യക്തമാക്കുന്നു.

ആഴ്ചയിൽ ഒരു തവണയാണ് മുടി കഴുകുന്നത്. മുടി ഉണങ്ങാൻ തന്നെ ഒരു മണിക്കൂർ ആവശ്യമുണ്ട്. അമ്മയ്ക്കായിരുന്നു ഗിന്നസിൽ പേര് വരണമെന്ന് ആഗ്രഹം എന്ന് നിലാൻഷി പറയുന്നു.