ഈ ഹ്യൂമനോയിഡ് ഇനി ബഹിരാകാശത്തേക്ക്; ചരിത്ര ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ

January 23, 2020

മനുഷ്യ നിര്‍മ്മിതികള്‍ ആകാശത്തിന്റെ അതിവരമ്പുകള്‍ ഭേദിച്ചിട്ട് കാലങ്ങള്‍ ഏറെയായി. ഓരോ ബഹിരാകാശ ദൗത്യങ്ങളും പുത്തന്‍ അറിവുകള്‍ മനുഷ്യന് സമ്മാനിക്കുന്നു. ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഒര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) നിരവധി പരീക്ഷണദൗത്യങ്ങളാണ് ബഹിരാകാശത്തു നടത്തുന്നതും. 2021-ല്‍ ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണത്തിന്റെ ഭാഗമാവുകയാണ് ഒരു ഹ്യൂമനോയിഡ്. വ്യോംമിത്ര എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.

മനുഷ്യരപ്പോലെ തന്നെ സംസാരിക്കാനും മറ്റ് മനുഷ്യരെ തിരിച്ചറിയാനുമൊക്കെ സാധിക്കും വ്യോംമിത്ര എന്ന ഹ്യൂമനോയിഡിന്. ബഹിരാകാശ യാത്രികരുടെ പ്രവര്‍ത്തനത്തെ അനുകരിക്കാനും തിരിച്ചറിയാനും അവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനുമെല്ലാം വ്യോംമിത്രയ്ക്ക് സാധിക്കും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് ഐഎസ്ആര്‍ഒ ഈ ഹ്യൂമനോയിഡിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്.

വ്യോംമിത്രയ്ക്ക് കാലുകള്‍ ഇല്ല. അതുകൊണ്ടുതന്നെ ഇതിനെ അര്‍ധഹ്യൂമനോയിഡ് എന്നാണ് വിളിക്കുന്നത്. എന്നാല്‍ വശങ്ങളിലേക്കും മുന്നിലേക്കും വളയാന്‍ ഈ ഹ്യൂമനോയിഡിന് സാധിക്കും. സ്വയം ചില പരീക്ഷണങ്ങള്‍ നടത്തുമെങ്കിലും വ്യോംമിത്ര എപ്പോഴും ഐഎസ്ആര്‍ഒയുടെ കമാന്‍ഡ് സെന്ററുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും.

ഗഗന്‍ന്യാന്‍ എന്നാണ് ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്റെ പേര്. ബഹിരാകാശത്തേക്ക് ഒരുകൂട്ടം ആളുകളെ അയക്കാനാണ് പദ്ധതി. ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് ആയ മാര്‍ക്ക് 3 ആയിരിക്കും യാത്രികരെ ശൂന്യാകാശത്തേക്ക് എത്തിക്കാന്‍ ഉപയോഗിക്കുക. വ്യോമോനട്ട്‌സ് എന്നായിരിക്കും ഇന്ത്യയില്‍ നിന്നും ബഹിരാകശത്ത് എത്തുന്നവരെ വിളിക്കുക. ഇന്ത്യന്‍ വ്യോമസേനയിലെ നാല് പൈലറ്റുമാരെയും ഗഗന്യാന്‍ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലും റക്ഷ്യയിലുമായിട്ടാണ് ഇവരുടെ പരിശീലനം.