19 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം

February 28, 2021
ISRO launches PSLV-C51 carrying Amazonia-1

ആമസോണിയ 1-ഉം മറ്റ് പതിനെട്ട് ചെറു ഉപഗ്രഹങ്ങളുമായുള്ള പിഎസ്എല്‍വി സി 51 റോക്കറ്റ് വിക്ഷേപണം വിജയകരമായി. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ പിഎസ്എല്‍വി വിക്ഷേപണമാണ് ഇത്. മാത്രമല്ല ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണവുമാണ്.

ബ്രസീലില്‍ നിന്നുള്ള ആമസോണിയ 1 ന് ഒപ്പം പതിനെട്ട് ചെറിയ ഉപഗ്രഹങ്ങളുമായാണ് പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്നും കുതിച്ചുയര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിനു കീഴില്‍ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചശേഷമുള്ള ആദ്യ വിക്ഷേപണമാണിത്. അമേരിക്കയിലെ സ്‌പേസ്ഫ്‌ളൈറ്റ് കമ്പനിയുമായുള്ള സഹകരണത്തോടെയാണ് ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ദൗത്യങ്ങള്‍.

Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്

അതേസമയം വിക്ഷേപിച്ച ഉപഗ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ 1. ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇത്. ആമസോണ്‍ കാടുകളുടെ നശീകരണത്തെക്കുറിച്ച് നിരീക്ഷിക്കാനും ബ്രസീലിലെ കാര്‍ഷിക മേഖലയ്ക്കും വേണ്ടിയുള്ളതാണ് ആമസോണിയ 1.

പത്തൊന്‍പത് ഉപ്രഗഹങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ബഹിരാകാശത്തേയ്ക്ക് അയച്ചിരിയ്ക്കുന്നു.

Story highlights: ISRO launches PSLV-C51 carrying Amazonia-1