ന്യൂ ജെൻ, ലവ് മാരേജിൽ വിപ്ലവം സൃഷ്ടിച്ച് രണ്ട് ഡോക്‌ടർമാർ; ഹൃദ്യം ഈ കുറിപ്പ്
ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കാറുള്ളു… അതുകൊണ്ടുതന്നെ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്.. സംഗതി ഏറ്റവും ആർഭാടം ആയി തന്നെ നടത്തണം. ഓരോ കല്യാണത്തെക്കുറിച്ചും സാധാരണ പറഞ്ഞുകേൾക്കാറുള്ളതാണ്. എന്നാൽ ഒരു തരി പൊന്നുപോലുമില്ലാതെ വിവാഹം ഏറ്റവും ലളിതമായി നടത്തിയ രണ്ട് ഡോക്‌ടർമാരാണ് സമൂഹമാധ്യമങ്ങളുടെ കൈയടി വാങ്ങുന്നത്.
സാഹിത്യകാരി കെ പി സുധീരയാണ് ഈ ലളിതമായ വിവാഹത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സുധീരയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
അമ്പരപ്പിച്ച ഒരു ന്യൂ ജെൻ കല്യാണം.
ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്സ് അപ്പിലേക്ക് വന്നു. save date..
Neethu and kamaldev are getting married..
വിവാഹം കോഴിക്കോട് വെച്ചാണെന്ന് അതിൽ പറയുന്നുണ്ട്. എന്നാൽ കല്യാണത്തിന് ക്ഷണമില്ല! ജനു.12 ന് കോഴിക്കോട് മിയാമി കൺവെൻഷൻ സെന്ററിൽ റിസപ്‌ഷൻ. ടെലഫോണിലൂടെ ക്ഷണം വന്നപ്പോൾ വേണു പറഞ്ഞു: കല്യാണം ലളിതമായി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വെച്ച് രണ്ട് വീട്ടുകാർ മാത്രം പങ്കെടുക്കും – ആൺകുട്ടിയുടെ മാതാപിതാക്കൾക്ക് താലികെട്ട് ഒന്ന് കാണാൻ മോഹം. അല്ലെങ്കിൽ റെജിസ്റ്റർ മതിയായിരുന്നു.
ഇന്റർ കാസ്റ്റ് മാര്യേജ് അല്ല. എല്ലാവർക്കും സമ്മതം- കുട്ടികൾ രണ്ടും ഡോക്ടർമാർ. എതിർക്കാൻ ഒരു കാരണവും ഇല്ല. പിന്നെന്താവാം! വേണുവിനോട് ചോദിക്കാൻ തോന്നിയില്ല. ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോ. വേണുവിനും മലബാർ ഹോസ്പിറ്റലിലെ സോണോളജിസ്റ്റ് സുപ്രിയക്കും ഏകമകളാണ്. നീതു.
കുട്ടിയായിരിക്കുമ്പഴേ കാണുന്നതാണ്. അവളെ വധുവിന്റെ വേഷത്തിൽ കാണാനുള്ള മോഹം കൊണ്ട് തൃശൂരിലെ പരിപാടി കഴിഞ്ഞ് ഓടിപ്പാഞ്ഞ് കോഴിക്കോട്ടെത്തിയതാണ് ഞാൻ. എട്ടു മണിയോടെ ഭർതൃസമേതം ഹാളിലെത്തി. പ്രവേശന കവാടത്തിൽ ഡോ. വേണു ഞങ്ങളെയെല്ലാം സുസ്മേരവദനനായി എതിരേറ്റു. ആയിരക്കണക്കിന് അതിഥികൾ- വർണശബളമായ വസ്ത്രങ്ങൾ. വധൂ വരന്മാരെ കാണാൻ ധൃതി പിടിച്ച് ഞങ്ങൾ സ്റ്റേജിൽ കയറി .
നീതു മോൾ വീണ്ടും എന്നെ അമ്പരപ്പിച്ചു. ഇത്രയിത്ര പവൻ സ്വർണം തന്നില്ലെങ്കിൽ പന്തലിൽ ഇറങ്ങില്ല എന്ന് മകൾ പറഞ്ഞത് കേട്ട് നെഞ്ചുരുകി കിടപ്പാടം വിൽക്കുന്ന മാതാപിതാക്കളുള്ള നാട്ടിൽ നീതു എനിക്ക് വിസ്മയമായി. ബ്ലാക് മെറ്റലിന്റെ ഒരു നീളൻ മാലയിലും കനമില്ലാത്ത ബ്ലാക് ആന്റ് വൈറ്റ് ‘ ലിനൻ സാരിയിലും ബ്യൂട്ടിഷ്യൻ സ്പർശിക്കാത്ത മുഖത്തിലും അതീവ സുന്ദരിയായി എന്റെ നീതുമോൾ!
ഡോ.കമൽ ദേവിനും ഡോ. നീതുവിനും ലളിതമായി മതി എല്ലാം എന്ന് നിർബ്ബന്ധമായിരുന്നത്രെ! വിവാഹവിരുന്ന് ഗംഭീരമായിരുന്നു. ഡോ.മാരും മറ്റു സുഹൃത്തുക്കളും ചേർന്ന് വധൂവരന്മാരെ ആശിർവദിച്ചു.
കേട്ടിട്ട് അകം കുളിരുന്നു. ന്യൂ ജെൻ, ലവ് മാരേജിൽ വിപ്ലവം സൃഷ്ടിക്കുന്നു. വീട്ടുകാർ നടത്തിക്കൊടുക്കുന്ന കല്യാണത്തിൽ ഒറ്റതരി സ്വർണം വേണ്ടാ, സിൽക്ക് സാരി വേണ്ട ബ്യൂട്ടി പാർലർ വേണ്ട, വിവാഹ ധൂർത്ത് വേണ്ട! എന്തൊരു ചങ്കൂറ്റം ! എന്തൊരു വിപ്ലവം ! മാതാപിതാക്കൾ കഴിവുള്ളത് കുഞ്ഞുങ്ങൾക്ക് കൊടുക്കാതിരിക്കില്ല – സദ്യയും വിരുന്നും കൊടുക്കാം, കൊടുക്കാതിരിക്കാം.
എന്നാലും മക്കളുടെ താൽപര്യത്തെ എതിർക്കാതെ കൂട്ടു നിന്ന ഡോ.വേണുവിനും ഡോ.സുപ്രിയയക്കും ബിഗ് സല്യൂട്ട്.
ആർഭാടങ്ങൾക്ക് വകയുണ്ടായിട്ടും അതിനോട് പിൻതിരിഞ്ഞു നിന്ന ആദർശവാന്മാരായ നവ ദമ്പതികൾക്ക് ആയിരം ആശംസകൾ .
പരിവർത്തനത്തിന്റെ ഭൂകമ്പമാവാൻ ഇനിയും ന്യൂ ജെൻ തയ്യാറാവട്ടെ.