ആകാംക്ഷ നിറച്ച് നെഞ്ചിടിപ്പേറ്റുന്ന മുഹൂർത്തങ്ങളുമായി കൂടത്തായി; മികച്ച പ്രതികരണം നേടി ആദ്യ എപ്പിസോഡ്
ഫ്ളവേഴ്സ് ചാനലിൽ ആരംഭിച്ച ത്രില്ലർ പരമ്പരയാണ് കൂടത്തായി. കേരളത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ഒരു അവിശ്വസനീയ കൊലപാതക പരമ്പരയുടെ ദൃശ്യാവിഷ്കാരമാണ് കൂടത്തായി. തിങ്കളാഴ്ചയാണ് പരമ്പര ആരംഭിച്ചത്. ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത്. നടി മുക്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഒരിടവേളക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
വളരെ മികച്ച കാഴ്ചാനുഭവമാണ് ഫ്ളവേഴ്സ് കൂടത്തായിയിലൂടെ ഒരുക്കിയിരിക്കുന്നത്. ഓരോ എപ്പിസോഡിലും ആവേശവും കൗതുകവും നിറച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കൂടത്തായി പ്രയാണം ആരംഭിച്ചിരിക്കുകയാണ്.
ഫ്ളവേഴ്സ് ചാനൽ എം ഡി ആർ ശ്രീകണ്ഠൻ നായരുടെ തിരക്കഥയിൽ ഗിരീഷ് കോന്നിയാണ് കൂടത്തായി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ടെലി സിനിമയുടെ എല്ലാ അനുഭവങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ കൂടത്തായിക്ക് സാധിക്കുമെന്നതിൽ തർക്കമില്ല.
മറ്റ് പരമ്പരകളെ അപേക്ഷിച്ച് മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ത്രില്ലർ കൂടത്തായിയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നത്. പതിനാലു വർഷത്തിനിടെ 6 കൊലപാതകങ്ങൾ നടന്ന കോഴിക്കോട് കൂടത്തായി പൊന്നാമറ്റം തറവാട്ടിലെ മരുമകൾ ജോളി ജോസഫ് അറസ്റ്റിലായതോടെ പുറത്ത് വന്നത് ലോകം ഞെട്ടിയ കഥകളാണ്.
സ്വത്തിനും മറ്റു പല നേട്ടങ്ങൾക്കുമായി സയനൈഡ് ഉപയോഗിച്ച് വർഷങ്ങളുടെ ഇടവേളയിൽ ആർക്കും സംശയം തോന്നാത്ത വിധം കൊലപാതക പരമ്പര തന്നെ നടത്തിയ ജോളി, മലയാളി സമൂഹത്തിനു മുൻപിൽ ഒരു പേടിസ്വപ്നമായി മാറുകയായിരുന്നു.
ജോളിയുടെ ഭർത്താവ് റോയ് മാത്യു, റോയിയുടെ മാതാപിതാക്കളായ അന്നമ്മ മാത്യു, ടോം തോമസ്, അന്നമ്മ മാത്യുവിന്റെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.