‘ചോക്ലേറ്റിൽ നിന്നും ഡാർക്ക് ചോക്ലേറ്റിലേക്ക്’- ‘അനിയത്തി പ്രാവ്’ മുതൽ ‘അഞ്ചാം പാതിരാ’ വരെയുള്ള യാത്ര പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
2020 കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ഒരു ഗംഭീര തുടക്കം തന്നെയായിരുന്നു. ‘അഞ്ചാം പാതിരാ’ ഗംഭീര വിജയവുമായി കുതിക്കുകയാണ്. മലയാള സിനിമ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മികച്ച ക്രൈം ത്രില്ലർ എന്ന് വേണം ‘അഞ്ചാം പാതിരാ’യെ വിശേഷിപ്പിക്കാൻ. ഒരു ചോക്ലേറ്റ് ഹീറോയായി തുടങ്ങിയ സിനിമ യാത്ര ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വരെ എത്തി നിൽകുമ്പോൾ കുഞ്ചാക്കോ ബോബനും ആവേശത്തിലാണ്. ആ ആവേശം തെല്ലും കുറയാതെ സുധിയിൽ നിന്നും അൻവർ വരെയുള്ള പ്രയാണം പങ്ക് വയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.
AP മുതൽ AP വരെ..’അനിയത്തി പ്രാവ്’ മുതൽ ‘അഞ്ചാം പാതിരാ’ വരെയുള്ള യാത്ര..സുധിയിൽ നിന്നും അൻവർ ഹുസൈൻ വരെ..ചോക്ലേറ്റിൽ നിന്നും ഡാർക്ക് ചോക്ലേറ്റിലേക്ക്.. മികച്ചൊരു റൊമാന്റിക് ചിത്രത്തിൽ നിന്നും മികച്ചൊരു ക്രൈം ത്രില്ലറിലേക്ക്.. അനുഗ്രഹങ്ങൾക്കും പാഠങ്ങൾക്കും നിങ്ങളുടെ സ്നേഹത്തിനും നന്ദി!
22 വർഷത്തിനിടെ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് സമ്മാനിച്ചത്. ആദ്യമായി അഭിനയിച്ച ‘അനിയത്തിപ്രാവ്’ അന്നത്തെ കാലത്ത് പുതുമുഖമായിട്ട് പോലും 250 ദിവസം തിയേറ്ററിൽ നിറഞ്ഞോടിയ ചരിത്രമാണ് കുഞ്ചാക്കോ ബോബനുള്ളത്.
Read More:പാലും പാൽ ഉത്പന്നങ്ങളും: അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ
പിന്നീട് ഇങ്ങോട്ട് ‘നിറം’, ‘സ്വപ്നം കൊണ്ട് തുലാഭാരം’, ‘സ്നേഹിതൻ’ തുടങ്ങി ചോക്ലേറ്റ് ഇമേജ് ഉള്ള ചിത്രങ്ങളായിരുന്നു കൂടുതൽ. പക്ഷെ, അടുത്ത കാലത്ത് ആ രീതിയിലുള്ള ചിത്രങ്ങളിൽ നിന്നും കുഞ്ചാക്കോ ഇടവേളയെടുക്കുകയായിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിൽ മാറ്റമുണ്ടാക്കിയ ചിത്രമാണ്. ഇപ്പോൾ ‘അഞ്ചാം പാതിരാ’യിൽ ഒരു ഡാർക്ക് ത്രില്ലറുമായി എത്തുമ്പോൾ ആരാധകരേക്കാൾ ആവേശം കുഞ്ചാക്കോ ബോബനുണ്ട്.