അരവിന്ദ് സ്വാമിയുടെ എം ജി ആര് ലുക്കിന് പിന്നില്‍ മലയാളി മേക്ക്അപ് ആര്‍ടിസ്റ്റ് പട്ടണം റഷീദ്
ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് അരവിന്ദ് സ്വാമിയുടെ എം ജി ആര് ലുക്ക്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന ചിത്രത്തിനു വേണ്ടിയാണ് അരവിന്ദ് സ്വാമി എം ജി ആറായി എത്തുന്നത്. മികച്ച വരവേല്പാണ് താരത്തിന്റെ പുതിയ മേക്ക്ഓവറിന് ലഭിച്ചതും. അരവിന്ദ് സ്വാമിയെ എം ജി ആറാക്കി മാറ്റിയത് മലയാളിയായ മേക്ക്അപ് ആര്‍ടിസ്റ്റ് പട്ടണം റഷീദാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.
പ്രോസ്തെറ്റിക് മേക്ക്അപ് രീതിയാണ് അരവിന്ദ് സാമിയെ എം ജി ആറാക്കാന്‍ ഉപയോഗിച്ചത്. മോള്‍ഡിങ്ങുകളും മാസ്കുകളും ഉപയോഗിച്ച് മുഖത്തിന്റെ രൂപം പൂര്‍ണമായി മാറ്റിയെടുക്കുന്ന മേക്ക്അപ് രീതിയാണ് പ്രോസ്തെറ്റിക് മേക്ക്അപ്.
അരവിന്ദ് സ്വാമിയുടെ എം ജി ആര് ലുക്ക് പരിചയെപ്പെടുത്തിക്കൊണ്ട് ഒരു ടീസറും കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എം ജി ആര് അനശ്വരമാക്കിയ ‘പുതിയ വാനം’ എന്ന ചിത്രത്തിലെ ഗാനരംഗമാണ് ടീസറിന് പശ്ചാത്തലമായത്. വേഷത്തിന് പുറമെ ചലനങ്ങളിലും മുഖഭാവങ്ങളിലുമെല്ലാം എം ജി ആറിനെ പ്രതിഫലിപ്പിക്കാന്‍ അരവിന്ദ് സ്വാമിക്ക് സാധിച്ചു.
കങ്കണ റണാവത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. താരത്തിന്റേ മേക്ക്ഓവറും ഏറെ ശ്രദ്ധ നേടിയിരുന്നു ചലച്ചിത്ര ലോകത്ത്. എ എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്. പ്രിയാമണി തലൈവി എന്ന ചിത്രത്തില്‍ ശശികലയുടെ വേഷത്തിലെത്തുന്നുണ്ട്. ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷമുള്ള ജീവിതവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മാണം. നീരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.