പടക്കുതിരപ്പുറത്തേറി മോഹന്‍ലാല്‍; ‘മരക്കാര്‍’ ഫസ്റ്റ് ലുക്ക്‌

January 1, 2020

പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പുതിയൊരു വര്‍ഷത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് ലോകം. സമൂഹമാധ്യമങ്ങളും പുതുവത്സര ആശംസകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പുതുവത്സര ആശംസകള്‍ നേര്‍ന്നത്. ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരു ചിത്രം എന്നാണ് ഈ സിനിമയെ താരം വിശേഷിപ്പിച്ചിരിക്കുന്നത്.

വെള്ളിത്തിരയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാര്‍. പുതുവര്‍ഷ ദിനത്തില്‍ രാത്രി 12.1 നാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചത്. ഈ വര്‍ഷം മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് സൂചന. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read more:‘തമരടിക്കണ കാലമായെടീ തിയ്യാമെ…’ കിടിലന്‍ പാട്ടിന് രസികന്‍ ചുവടുമായ് മമ്മൂട്ടി; ഷൈലോക്ക് ടീസര്‍

ചരിത്ര സിനിമകള്‍ക്ക് എക്കാലത്തും തിയേറ്ററുകളില്‍ മികച്ച വരവേല്‍പാണ് ലഭിക്കാറുള്ളത്. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് മരക്കാര്‍ എന്ന ചിത്രത്തില്‍. അതുകൊണ്ടുതന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുക്കാനാണ് സാധ്യത. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

റാമോജി ഫിലിം സിറ്റിയിലാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. കൂടാതെ ഊട്ടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Here’s Proudly Presenting The First Look Poster Of Marakkar – Arabikadalinte Simham, Releasing On 26 March 2020….

Posted by Aashirvad Cinemas on Tuesday, 31 December 2019