‘തമരടിക്കണ കാലമായെടീ തിയ്യാമെ…’ കിടിലന്‍ പാട്ടിന് രസികന്‍ ചുവടുമായ് മമ്മൂട്ടി; ഷൈലോക്ക് ടീസര്‍

January 1, 2020

‘തമരടിക്കണ കാലമായെടി തിയ്യാമെ…’ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ഈ ഗാനം ഏറ്റുപാടാത്ത മലയാളികളുണ്ടാവില്ല. അത്രമേല്‍ ജനശ്രദ്ധ നേടിയിരുന്നു ഈ ഗാനം. ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ് ഈ ഗാനം. ഈ പാട്ട് ഉള്‍പ്പെടുത്തിക്കൊണ്ട് ഷൈലോക്ക് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പാട്ടിന് അനുസരിച്ച് രസകരമായി ചുവടുവയ്ക്കുന്ന മമ്മൂട്ടിയാണ് ടീസറിലെ താരം. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഷൈലോക്ക്’.

അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഇത് ശരിവയ്ക്കുന്നു.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

Read more: കുഞ്ചാക്കോ ബോബന്റെ കൈക്കുമ്പിളില്‍ നിറ ചിരിയുമായി കുഞ്ഞ് ഇസ; ഹൃദ്യം ഈ വീഡിയോ

ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴില്‍ ചിത്രത്തിന്റെ പേര് ‘കുബേരന്‍’ എന്നാണ്.