‘ഷൈലോക്കി’ന് ടിക്കറ്റ് കിട്ടാതെ എന്റെ ‘കുങ്ഫു മാസ്റ്റര്‍’ കാണാനും കുറച്ച് ആളുകള്‍ കയറി, സന്തോഷം’-അജയ് വാസുദേവിന് അഭിനന്ദനമറിയിച്ച് എബ്രിഡ് ഷൈൻ

March 4, 2020

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ‘ഷൈലോക്ക്’ എന്ന മാസ്സ് ആക്ഷൻ ചിത്രത്തിനെ പ്രശംസിച്ച് സംവിധായകൻ എബ്രിഡ് ഷൈൻ. എബ്രിഡ് ഷൈനിന്റെ ‘ദി കുങ്ഫു മാസ്റ്ററും’ അതേസമയമാണ് റിലീസ് ആയത്. ഇപ്പോൾ ഒരു പബ്ലിക്ക് ലെറ്ററിലൂടെയാണ് എബ്രിഡ് ഷൈൻ അജയ് വാസുദേവിന്റെ പ്രശംസിച്ചത്.

പ്രിയ അജയ് വാസുദേവ്,

ഒരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.വി. ഉദയകുമാര്‍ എന്ന തമിഴ് സിനിമാ സംവിധായകനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചു. സൂപ്പര്‍താരം കമല്‍ഹാസന്‍, രജനികാന്ത് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. ‘യജമാന്‍’, ‘ശിങ്കാരവേലന്‍’, ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു, ”ഏറ്റവും ഏറ്റവും ബുദ്ധിമുട്ട് മാസ് സിനിമകള്‍ ചെയ്യാനാണ്. താരം സ്വന്തം മേല്‍മുണ്ട് ചുറ്റി, തോളത്ത് ഇട്ട്, പ്രത്യേക അംഗവിക്ഷേപങ്ങളോടെ ഡയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളായും ചൂളം വിളികളായും തിയറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്കുകൂട്ടല്‍ ആണ് ഏറ്റവും റിസ്‌ക്.

സിനിമയുടെ ഏതൊക്കെ ഘട്ടത്തില്‍ ആ ആഘോഷത്തിന്റെ അലകള്‍ തിയറ്ററില്‍ ഉണ്ടാകും എന്നത് വലിയ കണക്കുകൂട്ടല്‍ ആണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി. റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ‘ഷൈലോക്ക്’ മേല്‍പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍. ‘ഷൈലോക്കി’ന് ടിക്കറ്റ് കിട്ടാതെ എന്റെ ‘കുങ്ഫു മാസ്റ്റര്‍’ കാണാനും കുറച്ച് ആളുകള്‍ കയറി. സന്തോഷം.

Read More:ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ സുന്ദരമായൊരു സ്‌നേഹഗാനം: വീഡിയോ

 ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ‘ഷൈലോക്ക്’. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.