“പ്രിയപ്പെട്ട ബ്രഹ്മദത്തന്‍ തിരുമേനിക്ക്, ഞാന്‍ നകുലന്‍ തിരുമേനിയുടെ പഴയൊരു ക്ലയന്റ് ആണ്”; സമൂഹമാധ്യമങ്ങളില്‍ ചിരി നിറച്ച് ഒരു രസികന്‍ കത്ത്‌

January 29, 2020

മണിച്ചിത്രത്താഴ്, മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്ന്. വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും പഴകും തോറും വീര്യം കൂടിയിട്ടേ ഉള്ളൂ ഈ ചിത്രത്തിന്. 1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം മികച്ച പ്രതികരണം നേടി. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രംകൂടിയാണ് മണിച്ചിത്രത്താഴ്.

ഇപ്പോഴിതാ വീണ്ടും ഈ സിനിമ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നകുലന്‍ ഒരു കത്തെഴുതിയിരിക്കുകയാണ് സാക്ഷാല്‍ ബ്രഹ്മദത്തന്‍ തിരുമേനിക്ക്. ശരത് ശശിയാണ് രസകരമായ ഈ കത്തിന് പിന്നില്‍. എന്തായാലും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ രസികന്‍ കത്ത്.

കത്ത് വായിക്കാം
എത്രയും പ്രിയപ്പെട്ട ബ്രഹ്മദത്തന്‍ തിരുമേനിക്ക്,
എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നറിയില്ല. ആമുഖങ്ങള്‍ ഇല്ലാതെ എന്നെ പരിചയപ്പെടുത്തട്ടെ. ഞാന്‍ നകുലന്‍. തിരുമേനിയുടെ പഴയൊരു ക്ലയന്റ് ആണ്. വല്ലപ്പോഴും ഉത്സവത്തിന് പോകുകയും നിര്‍ബന്ധിച്ചാല്‍ മാത്രം രാഹുകാലം നോക്കുകയും ചെയ്തു വന്നിരുന്ന ഒരു യുക്തിവാദി നാട്ടിലെ പോപ്പുലര്‍ മന്ത്രവാദിയ്ക്ക് കത്തെഴുതേണ്ടി വരുമ്പോള്‍ ഉള്ള ജാള്യത ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്ക് അറിയാമല്ലോ. അഭിപ്രായം ഇരുമ്പ് ഉലക്കയല്ല എന്നു വിശ്വസിക്കുന്നതിനാല്‍ ഞാന്‍ അത് സൗകര്യപൂര്‍വം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്നു.

ബാക്ക്ഗ്രൗണ്ട് പറയുകയാണെങ്കില്‍, എല്ലാ ആണുങ്ങളെയും പോലെ എനിക്കും ഉണ്ടായിരുന്നു ഒരു നഷ്ടപ്രണയം. മെലിഞ്ഞു നീണ്ട മുട്ടോളം മുടിയുള്ള ആ പ്രണയത്തിന്റെ പേരായിരുന്നു ശ്രീദേവി. ഉണ്ണിത്താന്‍ ചിറ്റപ്പനും, അമ്മയും ചേര്‍ന്ന് പാലം വലിച്ചപ്പോള്‍ വേദനയോടെ എനിക്ക് അവളെ മറക്കേണ്ടി വന്നു. അവളെ മറക്കാനാണ് ഞാന്‍ എന്‍ജിനീയറിങ് സര്‍ടിഫിക്കറ്റുമായി കല്‍ക്കട്ടയ്ക്ക് വണ്ടി കയറിയത്.

കല്‍ക്കട്ടയില്‍ ചെല്ലുമ്പോള്‍ ഒരു വലിയ പണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ അവസരം കിട്ടുകയും, ആത്മാര്‍ത്ഥത കണ്ട് അയാള്‍ മകളെ കല്യാണം കഴിപ്പിച്ചു തന്ന് അയാളുടെ ബിസിനസ് സാമ്രാജ്യം എന്നെ ഏല്‍പ്പിക്കുകയും ചെയ്യും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല തിരുമേനി. ആദിത്യ ദശയായത് കൊണ്ടാണെന്ന് തോന്നുന്നു വര്‍ഷങ്ങള്‍ അലഞ്ഞാണ് ഒരു ജോലി കിട്ടിയത്.

അലച്ചിലിന്റെ ഇടയിലും ശ്രീദേവിയെ എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രണയം മറക്കാന്‍, നഷ്ടപ്പെട്ടയാളുടെ സ്ഥലത്തേക്ക് വേറൊരാള്‍ കടന്നു വരണം, എന്നു പറഞ്ഞു എനിക്ക് കല്യാണം റെക്കമെന്റ് ചെയ്തത് എന്റെ ഫ്രണ്ട് റിയ ആയിരുന്നു.

അങ്ങനെയാണ് ഞാന്‍ ഗംഗയെ കണ്ടുമുട്ടുന്നത്. നാട്ടിലെ പോലെ അവിടെ ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷന്‍ നടത്തുന്ന അമ്മാവന്‍ ഏജന്‍സികള്‍ ഒന്നുമില്ലല്ലോ. അതു കൊണ്ട് നല്ല പോലെ ഉണ്ണിയപ്പം ഉണ്ടാക്കും, ഇടയ്ക്ക് കവിത എഴുതും എന്നൊക്കെ അച്ഛനും അമ്മയും ഗംഗയുടെ റെസ്യൂമില്‍ വെച്ചത് വായിച്ചപ്പോള്‍ പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല. അല്ല, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞാനും അത്യാവശ്യക്കാരന്‍ ആയിരുന്നു.

കല്യാണം കഴിഞ്ഞുള്ള ദിവസങ്ങള്‍, ആദ്യത്തെ ഹണിമൂണ്‍ ആയതിന്റെ പേരില്‍ കളര്‍ഫുള്‍ ആയിരുന്നെങ്കിലും, അത് അധികം കാലം നീണ്ടു നിന്നില്ല. ആണ്‍മക്കളുടെ കല്യാണം കഴിഞ്ഞാല്‍ അമ്മായിയമ്മ – മരുമകള്‍ റിവല്‍റി എന്ന ക്‌ളീഷേ നിര്‍ബന്ധമായതിന്റെ പേരില്‍ എന്റെ പൊന്നമ്മച്ചി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് പെട്ടിയും കിടക്കയും ആയി കല്‍ക്കട്ടയില്‍ എത്തി. കാര്യങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല. ഞാന്‍ ഓഫിസില്‍ പോയാല്‍ അപ്പോള്‍ തുടങ്ങും അമ്മച്ചി ഗംഗയ്ക്ക് കഥ പറഞ്ഞു കൊടുക്കാന്‍. പറഞ്ഞു കൊടുക്കുന്ന കഥകള്‍ ആകട്ടെ ഫുള്‍ മാടമ്പള്ളിയിലേ പ്രേതകഥകള്‍. ഇതിനും മാത്രം കഥകള്‍ എവിടുന്നാണോ എന്തോ? കുട്ടിക്കാലത്ത് തേങ്ങാ ചിരണ്ടുന്ന നേരത്ത് ഞാന്‍ ഒരു കഥ ചോദിച്ചപ്പോള്‍ ചിരവയ്ക്ക് എന്നെ അടിച്ച അതേ അമ്മച്ചിയാണ് ഇതെന്ന് ഓര്‍ക്കണം.

അങ്ങനെ കഥ കേട്ട് കേട്ട്, അവസാനം ഗംഗ മാടമ്പള്ളി കാണണം, നാട്ടില്‍ പോണം എന്ന് പറഞ്ഞു ഒറ്റക്കാലില്‍ ഒരു നില്‍പ്പ്. അതിന്റെ കാരണക്കാരി അമ്മച്ചി ആകട്ടെ നാട്ടിലെ ക്‌ളൈമറ്റ് പിടിക്കൂല്ല എന്ന് പറഞ്ഞു കല്‍ക്കട്ടയില്‍ തന്നെ നിന്നു. അങ്ങനെ കിട്ടിയ ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്ത് ഞങ്ങള്‍ നാട്ടില്‍ എത്തി.

നാട്ടില്‍ വന്നിട്ടുള്ള കഥയെല്ലാം തിരുമേനിക്ക് അറിയാമല്ലോ. ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് പറഞ്ഞു കൊണ്ടു നടന്ന ആ സണ്ണി ചെയതതും പറഞ്ഞതും ഒക്കെ ഞാന്‍ പിന്നീടാണ് അറിഞ്ഞത്. ഗംഗയ്ക്ക് സൈക്കിക്ക് ഡിസോര്‍ഡര്‍ ഉണ്ടായപ്പോള്‍.

‘ആ കുട്ടിയുടെ കൂടെ അയാള്‍ ഇപ്പോഴും ജീവിക്കുന്നു? അയാളെ എല്ലാം അറിയിക്കൂ, അയാള്‍ എങ്കിലും രക്ഷപെടട്ടെ.’
എന്ന് പറഞ്ഞു എന്നോട് ഒരല്പം കരുണ കാണിക്കാന്‍ അന്ന് തിരുമേനിയെ ഉണ്ടായിരുന്നുള്ളൂ. സണ്ണി വിജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു പരിപാടിയാണ് എന്റെ പുറത്ത് പരീക്ഷിച്ചത് എന്ന് ഞാന്‍ വളരെ വൈകിയാണ് മനസിലാക്കിയത്. ഒരു ഫ്‌ലോയ്ക്ക് വേണ്ടി, ‘എന്നെ അവള്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെടാ’ എന്ന് ഞാന്‍ പറഞ്ഞത് അവന്‍ സീരിയസ് ആക്കിയെടുത്തു എന്നെ കൊല്ലാന്‍ വിട്ടു കൊടുത്തു. ഒരു ട്രയല്‍ റണ്‍ പോലും നടത്താതെയാണ് അന്നത്തെ പലക പരിപാടി നടത്തിയത്. എന്റെ വെയിറ്റ് കൊണ്ട് പലക തിരിഞ്ഞില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അന്നത്തെ സ്ഥിതി? പൊറോട്ട പോലെയല്ലേ ആ പ്രതിമ അന്നവള്‍ വലിച്ചു കീറിയത്?

നൈസ് ആയിട്ട് സണ്ണി മാറി നിന്നിട്ട് അന്ന് പണി മുഴുവന്‍ തിരുമേനിയെ ഏല്‍പ്പിച്ചു. അന്ന് എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി തിരുമേനി ഗംഗയുടെ കണ്ണില്‍ പൊടിയിട്ടത് ഒന്നും ഈ ആയുസ്സില്‍ എനിക്ക് മറക്കാന്‍ കഴിയില്ല. തിരുമേനി ഗംഗയുടെ രോഗത്തെ കുറിച്ചു ‘ദിസ് ഈസ് ഇന്‍ക്യൂറബിള്‍’ എന്നു പറഞ്ഞത് അറിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ സംശയങ്ങളാണ്. ‘വേരോടെ രോഗത്തെ പിഴുത് മാറ്റി’ എന്നൊക്കെ പറയുന്നത് ഉള്ളതാണോ? അല്ല അന്യന്‍ സിനിമയില്‍ ഇമ്മാതിരി മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഉള്ള അമ്പി ചികിത്സ കഴിഞ്ഞിട്ടും മരംകേറ്റം മറന്നിട്ടില്ല എന്നാണ് ക്‌ളൈമാക്‌സില്‍ കാണുന്നത്. ഈ ആണിയില്‍ തറച്ച ബാധകളും, പെട്ടിയില്‍ അടച്ച ബാധകളും ഒക്കെ കുറച്ചു നാള്‍ കഴിയുമ്പോള്‍, അല്ലെങ്കില്‍ രണ്ടാം പാര്‍ട്ട് ഇറങ്ങാറാകുമ്പോള്‍ തിരിച്ചു വരുന്നത് സിനിമയില്‍ കണ്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും സാധ്യതകള്‍ ഗംഗയുടെ കേസില്‍ ഉണ്ടോ?

ഞങ്ങള്‍ക്ക് സാധാരണ രീതിയില്‍ ഒരു കുടുംബജീവിതം സാധ്യമാണോ? ഇനി ഭാവിയില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക് ഈ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടോ? എന്റെ ഉറക്കത്തിന്റെ ആഴം അളക്കുകയും, ഞാന്‍ എപ്പോള്‍ ഉറങ്ങും, ഉണരും എന്നൊക്കെ കൃത്യമായി അറിയുകയും എന്റെ ഒപ്പം നടന്ന് എല്ലാം എറിഞ്ഞു പൊട്ടിക്കുകയും, വസ്ത്രത്തിന് തീ പിടിപ്പിക്കയും ചെയ്തു എന്നൊക്കെ പറഞ്ഞ ഗംഗയെ വിശ്വസിച്ചു ഞാന്‍ എങ്ങനെ കിടന്ന് ഉറങ്ങും? കല്‍ക്കട്ടയില്‍ എന്ത് പൊട്ടിയാലും എനിക്ക് ഇപ്പോള്‍ പേടിയാണ്, ഗംഗ പൊട്ടിച്ചതാണോ എന്നാണ് എന്റെ സംശയം. എവിടെ തീ പിടിച്ചാലും പോലീസ് ഗംഗയെ അന്വേഷിച്ചു വീട്ടില്‍ വരുമോ എന്നാണ് പേടി. ഇങ്ങനെ ഇത്ര എത്ര കാലം മുന്നോട്ടു പോകാന്‍ കഴിയും എന്നറിയില്ല.

ഇനി എന്റെ മുന്നിലുള്ള ഒരേ ഒരാശ്രയം തിരുമേനിയാണ്. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിച്ചിട്ടുള്ള തിരുമേനി, എന്റെ എല്ലാ സംശയങ്ങള്‍ക്കും വിശദമായി മറുപടി നല്‍കി എന്നെ അനുഗ്രഹിക്കും എന്ന പ്രതീക്ഷയോടെ കത്തു ചുരുക്കുന്നു. എന്ന്,

നകുലന്‍
ബിടെക്ക് (പഴയത്)
ഓപ്പോസിറ്റ് ഈഡന്‍ ഗാര്ഡന്‌സ്
കല്‍ക്കട്ട.