നാട്ടിക ബീച്ച് ഫെസ്റ്റിൽ പറക്കാനൊരുങ്ങി കൂറ്റൻ പട്ടങ്ങൾ; ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് സൗജന്യ അവസരം..
ആഘോഷവും ആരവവുമായി നാട്ടിക ബീച്ച് ഫെസ്റ്റ് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കാഴ്ചകളും മത്സരങ്ങളും രുചികളുമൊക്കെ നിറച്ച് നാട്ടികയുടെ തീരങ്ങളിൽ ജനസാഗരമലയടിക്കുമ്പോൾ മാറ്റ് കൂട്ടാനായി കൂറ്റൻ പട്ടങ്ങൾ ഒരുങ്ങിയിരിക്കുകയാണ്.
ഫെസ്റ്റിന്റെ ഏഴാം നാളായ ജനുവരി 22നാണ് കൂറ്റൻ പട്ടങ്ങൾ വാനിലുയരുന്നത്. വൈകിട്ട് മൂന്നു മണി മുതൽ ഏഴു മണി വരെയാണ് പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇറ്റാലിയൻ പരമ്പരാഗത പാട്ടമായ സർക്കിൾ കൈറ്റ് ആണ് ഇതിൽ മുഖ്യ ആകർഷണം. 45 ഡയമീറ്ററിലാണ് ഈ പട്ടം ഒരുക്കിയിരിക്കുന്നത്.
ദുബായ് രാജ്യാന്തര പട്ടം പറത്തലിൽ ഒന്നാം സ്ഥാനം നേടിയ പറക്കും തളികയുടെ രൂപത്തിലുള്ള ഇന്ത്യൻ പട്ടവും പ്രദർശനത്തിലുണ്ട്. തൃശൂർ ജില്ലയിൽ ആദ്യമായാണ് ഇത്രയും വലിപ്പമുള്ള പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി പട്ടം പറത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.