തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഐഎസ്ഒ സര്ട്ടിഫിക്കേഷന്; ഇത് ചരിത്ര നേട്ടം
പുതിയൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ല. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുണനിലവാര മേന്മയുടെ അന്താരാട്ര സൂചികയായ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ചു. ഇതോടെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ജില്ല എന്ന പുതിയ ചരിത്രമാണ് തൃശ്ശൂര്‍ ജില്ല കുറിച്ചിരിക്കുന്നത്.
ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുണനിലവാര മേന്മയുടെ അന്താരാട്ര സൂചികയായ ഐഎസ്ഒ- 9001: 2015 സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളെല്ലാം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതും. തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങളാണ് നല്‍കുന്നത്.
86 പഞ്ചായത്തുകളും വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ വേഗത്തില്‍ നടപ്പിലാക്കുന്നുണ്ട്. മാത്രമല്ല സുതാര്യമാണ് ഓരോ പഞ്ചായത്തുകളിലെയും വികസനപ്രവര്‍ത്തനങ്ങള്‍. ജനസൗഹാര്ദത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ഈ പഞ്ചായത്തുകള്‍. ഹരിതചട്ടപ്രകാരമാണ് എല്ലാ പഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍. ഈ മികവുകളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അംഗീകാരം ലഭിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് 86 പഞ്ചായത്തുകളും ഐഎസ്ഒ നിലവാരത്തിലേക്കെത്തിയത്.
Read more: ആവേശത്തോടെ ‘ഏക്താ ബോസ്’ പാടി ഉണ്ണി മുകുന്ദന്; ഷൈലോക്ക് പ്രൊമോ ഗാനം
ഐഎസ്ഒ സര്‍ട്ടിഫിക്കേഷനു പുറമെ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം എന്ന നേട്ടം ആദ്യം കൈവരിച്ചതും തൃശ്ശൂര്‍ ജില്ലയാണ്. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ശീതീകരിച്ച മുറികള്‍, കുടിവെള്ളം, ടിവി, ഇരിപ്പിട സൗകര്യം എന്നിവയെല്ലാമുണ്ട്. പഴയകാല രേഖകള്‍ എല്ലാം പ്രത്യേകമായി ക്രമപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന റെക്കോര്‍ഡ് റൂം സൗകര്യം തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ മറ്റൊരു പ്രത്യേകതയാണ്. ഈ സൗകര്യം ഉള്ളതുകൊണ്ടുതന്നെ ആവശ്യമുള്ള രേഖകള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അതിവേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നു. കൂടാതെ പഞ്ചായത്തുകളില്‍ ജനങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ സ്ഥിതി വിവരങ്ങള്‍ അറിയുന്നതിനു വേണ്ടി പ്രത്യേക എസ്എംഎസ് സംവിധാനവും നിലവിലുണ്ട്.