അടയ്ക്ക കൊണ്ട് മാജിക്കുമായി സൗബിന്‍; ലൊക്കേഷനിലെ ചില ചിരി കാഴ്ചകള്‍

January 1, 2020

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍. മികവാര്‍ന്ന അഭിനയപ്രകടനം കൊണ്ട് വെള്ളിത്തിരയില്‍ താരം കൈയടി നേടുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചെറു വീഡിയോയാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്. അടയ്ക്ക കൊണ്ട് ചില നുറുങ്ങ് മാജിക്കുകള്‍ കാണിക്കുകയാണ് താരം. എന്തായാലും സൗബിന്റെ ഈ മാജിക് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജിന്ന്’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് രസകരമായ ഈ ചിരി നിമിഷങ്ങള്‍ അരങ്ങേറിയത്. സൗബിന്‍ ഷാഹിറിനൊപ്പം ജാഫര്‍ ഇടുക്കിയെയും മറ്റ് അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ഇവരെയെല്ലാം കാണികളാക്കിക്കൊണ്ടായിരുന്നു സൗബിന്റെ മാജിക്.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ജിന്ന്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

View this post on Instagram

#adakka

A post shared by Soubin Shahir (@soubinshahir) on

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

Read more: കുഞ്ചാക്കോ ബോബന്റെ കൈക്കുമ്പിളില്‍ നിറ ചിരിയുമായി കുഞ്ഞ് ഇസ; ഹൃദ്യം ഈ വീഡിയോ

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ്, കുമ്പളങ്ങി നൈറ്റ്‌സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതും സൗബിന്‍ ഷാഹിര്‍ ആയിരുന്നു.