ഉണ്ണി മുകുന്ദന് ശേഷം വെള്ളിത്തിരയിലേക്ക് മറ്റൊരു ചന്ദ്രോത്ത് പണിക്കര്‍; സുനില്‍ ഷെട്ടിയുടെ ‘മരക്കാര്‍’ ലുക്ക്

January 24, 2020

‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്കെത്തുക ഉണ്ണി മുകുന്ദനെ ആയിരിക്കും. കാരണം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ‘മാമാങ്കം’ എന്ന സിനിമയില്‍ ചന്ദ്രോത്ത് പണിക്കരായെത്തിയത് ഉണ്ണി മുകുന്ദനാണ്. ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഉണ്ണി മുകുന്ദന്റെ ഈ കഥാപാത്രം.

ഇപ്പോഴിതാ ഇതേ കഥാപാത്രം മറ്റൊരു സിനിമയിലും ആവര്‍ത്തിക്കുന്നു. മോഹന്‍ലാല്‍ നായകനായെത്തുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കരായി എത്തുന്ന്. കഥാപത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങി. പടച്ചട്ട അണിഞ്ഞിരിക്കുന്ന കഥാപാത്രം ഉടവാള്‍ വലിച്ചൂരിയെടുക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍.

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രിയദര്‍ശനാണ്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. മാര്‍ച്ച് 26 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Read more: 22 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഗോവണിപ്പടികള്‍ വീണ്ടും…; ഓര്‍മ്മകളിലൂടെ നടന്നുകയറി മഞ്ജു വാര്യര്‍: വീഡിയോ

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സിദ്ദിഖ്, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ചരിത്ര സിനിമകള്‍ക്ക് എക്കാലത്തും തിയേറ്ററുകളില്‍ മികച്ച വരവേല്‍പാണ് ലഭിക്കാറുള്ളത്. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. അതുകൊണ്ടുതന്നെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുക്കാനാണ് സാധ്യത. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമുടെ നിര്‍മാണം.

#SunielShetty as #ChandrothPanicker in Marakkar – Arabikadalinte Simham#Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Aashirvad Cinemas on Thursday, 23 January 2020