സുരാജിന്റെ നായികയായി മഞ്ജു വാര്യര്‍; പുതിയ ചിത്രം ഒരുങ്ങുന്നു
വേറിട്ട കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടതാരങ്ങളായി മാറിയ സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി പുതിയ ചിത്രമൊരുങ്ങുന്നു. ഹരിഹരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എം മുകുന്ദന് രചിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി എത്തുന്നത് ഇത് ആദ്യമായാണ്.
എം. മുകുന്ദന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ‘ക്ലിന്റ്’ എന്ന ചിത്രത്തിന് ശേഷം ഹരിഹരന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചെറുകഥയില്‍ സജീവന് എന്ന ഓട്ടോറിക്ഷ തൊഴിലാളിയാണ് നായകന്. പണിയെടുക്കാന്‍ മടിച്ച് കടം വാങ്ങി ജീവിക്കുന്ന സജീവന്റെ ജീവിതത്തിലേക്ക് രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചെറുകഥയുടെ ഇതിവൃത്തം. എന്നാല്‍ ചെറുകഥയില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയിട്ടായിരിക്കും സിനിമ ഒരുക്കുക.