കൗമാരത്തില്‍ ശ്രദ്ധ വേണം ഉറക്കത്തിന്റെ കാര്യത്തിലും

January 23, 2020

ഉറക്കത്തെ നിസ്സാരമായി കാണരുത്. പ്രത്യേകിച്ച് കൗമാരക്കാര്‍. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ കൗമാരക്കാരെ തേടി അനവധി ആരോഗ്യ പ്രശ്‌നങ്ങളുമെത്തും. സ്മാര്‍ട്ട്ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയുമെല്ലാം അമിതോപയോഗം കാരണം ഉറക്കം നഷ്ടപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഉറക്കം നഷ്ടമാകുന്നവരില്‍ വിഷാദരോഗത്തിനും അമിതവണ്ണത്തിനുമുള്ള സാധ്യത കൂടുതലാണ്.

കൗമാര പ്രായത്തിലുള്ള ഒരാള്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ പ്രായത്തിലാണ് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നത്. മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയെയും ഈ പ്രായത്തിലുള്ള ഉറക്കം സ്വാധീനിക്കും. കൗമാര പ്രായത്തില്‍ നല്ല ഓര്‍മ്മശക്തി ലഭിക്കുന്നതിനും കൃത്യമായ ഉറക്കം ആവശ്യമാണ്.

ഉറക്കം സുഖകരമാക്കാന്‍…

ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. കൗമാരപ്രായത്തിലുള്ളവര്‍ രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം. ഉറങ്ങുന്നതിന്‍റെ തൊട്ടടുത്തായി ഫോണും ലാപ്ടോപ്പും വയ്ക്കുന്നതും നല്ലതല്ല.

അതുപോലതന്നെ രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് ഗുണം ചെയ്യില്ല. അത്താഴത്തിന് ഹെവി ഫുഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അമിതാഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പലപ്പോഴും നെഞ്ചരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അസ്വസ്ഥതകള്‍ ഉറക്കത്തെ ദോഷകരമായി ബാധിക്കും.