മത്സരത്തെയല്ല മനസിനെ കീഴടക്കി കൊച്ചുമിടുക്കി, ആർദ്രം ഈ വീഡിയോ
ചില കാഴ്ചകൾ കണ്ണുകൊണ്ടല്ല മനസുകൊണ്ടാണ് കാണേണ്ടത്… ഇത്തരത്തിൽ ഒരു മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് സോഷ്യൽ മീഡിയ. പരിമിതികളെ കാറ്റിൽ പറത്തി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഒരു കൊച്ചുപെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.
മൈതാനത്ത് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരിയായ ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന ആറുകുട്ടികളിൽ ഒരാൾ ക്രച്ചസ് ധരിച്ചാണ് ട്രാക്കിൽ നിൽക്കുന്നത്. ഓടാനുള്ള വിസിൽ മുഴങ്ങിയപ്പോൾ മറ്റ് കുട്ടികൾക്കൊപ്പം തന്നെ ഈ കുട്ടിയും ഓടിത്തുടങ്ങി. തന്നെ പിന്നിലാക്കി മറ്റ് കുട്ടികൾ പാഞ്ഞപ്പോഴും ഒട്ടും നിരാശയില്ലാതെ എല്ലാവർക്കുമൊപ്പമെത്താൻ കുതിച്ചുപായുകയാണ് ഈ കൊച്ചുമിടുക്കി. ഫിനിഷിങ് പോയിന്റുവരെ ഒട്ടും ആവേശം കെടാതെയാണ് പെൺകുട്ടി ഓടിയത്.
ഇന്ത്യൻ ഫോറസ്ററ് സർവീസ് ഓഫീസറായ സുശാന്ത് നന്ദയാണ് ഹൃദയം തൊടുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഈ മിടുക്കിയ്ക്ക് അഭിനന്ദനവുമായി നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. മത്സരത്തിൽ ജയിച്ചില്ലെങ്കിലും ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ് ഈ മിടുക്കി.