‘ആ സ്വപ്നം സഫലമായി’- മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

February 2, 2020

ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. മടങ്ങി വരവിൽ മികച്ച വേഷങ്ങളുമായി മുന്നേറുമ്പോളും മഞ്ജു വാര്യരുടെ ഒരു സ്വപ്നം ബാക്കിയാകുകയായിരുന്നു. എല്ലാ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിക്ക് ഒപ്പം മഞ്ജു വാര്യർക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും മഞ്ജു വാര്യർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ആരാധകരുടെ ആവേശവും ഇരട്ടിയായി. സ്വപ്നം സഫലമായി എന്ന തലക്കെട്ടോടെയാണ് മഞ്ജു വാര്യർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിഖില വിമലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ഈ വര്‍ഷം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.