കോളജ് കുമാരനായി ആസിഫ് അലി; കലാലയ പശ്ചാത്തലത്തില്‍ ‘കുഞ്ഞെല്‍ദോ’: വീഡിയോ

February 5, 2020

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയതാണ് ആര്‍ ജെ മാത്തുക്കുട്ടി. നടനും അവതാരകനും ആര്‍ ജെയുമൊക്കെയായ മാത്തുക്കുട്ടി സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ‘കുഞ്ഞെല്‍ദോ’യുടെ ടീസര്‍ പുറത്തിറങ്ങി. കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കോളജ് കുമാരനായാണ് ആസിഫ് അലി എത്തുന്നത്.

‘കുഞ്ഞെല്‍ദോ’ എന്നത് ചിത്രത്തിലെ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേരാണ്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും. കുഞ്ഞെല്‍ദോയേയും അയാളുടെ പ്രണയത്തെയും പാട്ടിന്റെ അകമ്പടിയോടെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയില്‍. പുതുമുഖതാരം ഗോപിക ഉദയന്‍ ആണ് ചിത്രത്തിലെ നായിക.

Read more: സ്റ്റാറായി ആസിഫ് അലിയുടെ ജീവിതത്തിലെ മാലാഖ; സമയുടെ ഡാന്‍സിന് കയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷാന്‍ റഹ്മാനാണ് ‘കുഞ്ഞെല്‍ദോ’യുടെ സംഗീത സംവിധായകന്‍.