‘ഇന്നുകൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു’- വൈറലായി ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്‌സിന്റെ കുറിപ്പ്
കൊറോണ ഭീതി കേരളത്തിൽ നിന്നും വിട്ടൊഴിയുകയാണ്. റിപ്പോർട്ട് ചെയ്ത മൂന്നുപേരും സുരക്ഷിതരും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ആലപ്പുഴയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നയാൾ രോഗ വിമുക്തനായി മടങ്ങിയ സാഹചര്യത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊറോണ വൈറസ് ബാധിതനെ ചികിൽസിച്ച മെഡിക്കൽ ടീമിലെ മൃദുല എസ് ശ്രീ നഴ്‌സിന്റെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
മൃദുല എസ് ശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നുകൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാൽ എനിക്ക് പറയാൻ കഴിയും ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസ് മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും. ലോകം മുഴുവൻ വൈറസിൽ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാൻ കിട്ടിയ ഈ ഒരു അവസരം എന്നും ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവൽ കൂടി നമ്മടെ ആലപ്പുഴ മെഡിക്കൽ കോളേജിന് സ്വന്തം. ഇത്രയും നന്നായി എല്ലാം നടന്നുവെങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓർക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി സമയം അവർ പോലും മറന്നു കഴിഞ്ഞു. മുഴുവൻ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യർ.
മെഡിക്കൽ കോളേജ് ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ടീമംഗങ്ങളുടെഎല്ലാം പേര് പരാമർശിച്ച് അഭിനന്ദനവും മൃദുല അറിയിക്കുന്നുണ്ട്. കൊറോണ ബാധിതനെ ചികിൽസിക്കുന്ന ടീമിൽ തുടക്കം മുതൽ അംഗമാകാതിരുന്നതിനാൽ ആരുടെയെങ്കിലും പേര് വിട്ടുപോയെങ്കിൽ ക്ഷമിക്കണമെന്നും മൃദുല കുറിച്ചിട്ടുണ്ട്.
പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍. ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.