പ്രണയഭാവങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍; ശ്രദ്ധേയമായി ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’-ലെ സ്‌നേഹഗാനം

February 16, 2020

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ഡെസിങ് പെരിയ സ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഋതു വര്‍മ്മ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയൊരു ഗാനം. മസാല കോഫിയാണ് ഗാനം കംപോസ് ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്റെ മനോഹരമായ ആലാപനം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. വിഗ്നേഷ് ശിവന്റേതാണ് ഗാനത്തിലെ വരികള്‍. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. സൗഹൃദവും പ്രണയവുമൊക്കെയാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.

കെ എം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തില്‍ ഐടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.