‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ പാട്ട് ശ്രദ്ധേയമാകുമ്പോള്‍ കയ്യടി നേടി നഞ്ചിയമ്മ
ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടൈറ്റില്‍ ഗാനവും പാട്ടുപ്രേമികള്‍ ഏറ്റെടുത്തു.
നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഈ ഗാനം ശ്രദ്ധ നേടുമ്പോള്‍ കയ്യടി നേടുന്നത് നഞ്ചിയമ്മയാണ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിന്റെ വരികള്‍ നഞ്ചിയമ്മയുടേതാണ്. മാത്രമല്ല ഈ വരികള്‍ മനോഹരമായി ആലപിച്ചിരിക്കുന്നതും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും നഞ്ചിയമ്മതന്നെ.
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. സച്ചിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമ തിയേറ്ററുകളിലെത്തും മുമ്പേ ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിലൂടെ കയ്യടി നേടിയിരിക്കുകയാണ് നഞ്ചിയമ്മ.
Read more: റോഡിലേക്ക് വീണ പാത്രം വീട്ടുടമയ്ക്ക് എടുത്ത് നല്കുന്ന ആന: വൈറല്‍ വീഡിയോ
സിനിമ നടനായ ആദിവാസി കലാകാരന് പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചിയമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ പാടുന്നത്. വാമൊഴിയായി കിട്ടിയതാണ് ഈ പാട്ടുകള്‍.
അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒരുക്കിയ ‘അഗ്ഗെദ് നായാഗ’ എന്ന ഹ്രസ്വചിത്രത്തിലും നഞ്ചിയമ്മ പാട്ട് പാടിയിരുന്നു. അധ്യാപികയായ സിന്ധു സാജനാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2016-ല്‍ സംസ്ഥന പുരസ്കാരം നേടിയ ‘വെളുത്ത രാത്രികള്‍’ എന്ന റാസി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിലും നഞ്ചിയമ്മ പാടിയിട്ടുണ്ട്.