പ്രണയചാരുതയില്‍ കാലികപ്രസക്തമായ ഒരു പ്രണയകഥയുമായി ‘ഭൂമിയിലെ മനോഹര സ്വകാര്യം’
ജീവിതം യൗവനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കണമെന്ന് കഥാകാരന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. കാലിക പ്രസക്തമായ ഒരു പ്രണയകഥ പറയുകയാണ് ഇന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രം. ബാല്യം മുതല്‍ ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ട് പേര്ക്കിടയില് ഉടലെടുത്ത പ്രണയവും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.
”പ്രണയത്തിന് തീ പിടിച്ചാല്‍ നിയമത്തിന് കെടുത്താന്‍ ആവില്ലെന്ന്” ചിത്രത്തില്‍ പറയുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള പ്രണയം ചിത്രത്തില്‍ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഷൈജു അന്തിക്കാടാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിലെ മികവ് ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്.
ട്വിസ്റ്റുകളെ വീര്യം ചോരാതെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍. ആകാംക്ഷയുടെ മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. ആര്‍ദ്രമായ പ്രണയഗാനങ്ങള്‍ ചിത്രത്തിന്റെ പകിട്ട് വര്‍ധിപ്പിക്കുന്നുണ്ട്. ചില കുടുംബങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന പ്രണയത്തോടുള്ള വിരക്തിയും ചിത്രത്തില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു.
ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രണയഭാവങ്ങളില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നുണ്ട് ഇരുവരും. ബയോസ്കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സച്ചിന് ബാലുവാണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പാട്ടിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയത്തെ ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു സ്വകാര്യം എന്നപോലെ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തില്‍. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട് ‘ഭൂമിയിലെ മനോഹര സ്വകാര്യം’.