ബ്രാഡ്മാന്‍ ക്രിക്കറ്റ് കളിക്കുന്ന ഒരേയൊരു കളര്‍വീഡിയോ; അപൂര്‍വ്വ ദൃശ്യങ്ങള്‍ 71 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത്

February 22, 2020

ലോക ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ കളര്‍ വീഡിയോ ശ്രദ്ധേയമാകുന്നു. ബ്രാഡ്മാന്റെ ക്രിക്കറ്റ് കളിയുടെ ഏക കളര്‍വീഡിയോ എന്ന അടിക്കുറിപ്പോടെ പുറത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. നാഷ്ണല്‍ ഫിലിം ആന്‍ഡ് സൗണ്ട് ആര്‍ക്കൈവ്‌സ് ഓഫ് ഓസ്‌ട്രേലിയ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

66 സെക്കന്റ് ദൈര്‍ഘ്യമുള്ള നിശബ്ദ ചിത്രമാണ് ഇത്. 1949 ഫെബ്രുവരി 26 ന് നടന്ന പ്രാദേശിക മത്സരത്തിനിടെ ജോര്‍ജ് ഹോബ്‌സ് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ബ്രാഡ്മാന്റെ അവസാന മത്സരംകൂടിയായിരുന്നു ഇത്. ഹോബ്സിന്‍റെ മകനാണ് അപൂര്‍വ്വമായ ഈ ദൃശ്യങ്ങള്‍ മ്യൂസിയത്തിന് കൈമാറിയത്.

1908 ഓഗസ്റ്റ് 27-നായിരുന്നു ബ്രാഡ്മാന്റെ ജനനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ചെറുപ്പം മുതല്‍ക്കേ ബ്രാഡ്മാന് ക്രിക്കറ്റിനോട് ഭ്രമമായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പും ഗോള്‍ഫ് കളിക്കാന്‍ ഉപയോഗിക്കുന്ന പന്തുമുപയോഗിച്ച് കുട്ടിക്കാലത്ത് ബ്രാഡ്മാന്‍ പരിശീലനം നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 22 വയസിനുമുന്‍പേ ക്രിക്കറ്റ് ചരിത്രത്തിലെ പല റെക്കോര്‍ഡുകളും ബ്രാഡ്മാന്‍ സ്വന്തം പേരിലാക്കി.

Read more: ആരാധകരെ ചിരിപ്പിച്ചുകൊണ്ട് വിക്കിനെ തോല്‍പിച്ചു; ‘മണ്ടത്തരങ്ങളെ’ മഹാ വിജയമാക്കിയ മിസ്റ്റര്‍ ബീന്‍

തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ഗ്രൗണ്ടിലെ മികച്ച പ്രകടനങ്ങള്‍ക്കൊണ്ടുതന്നെ ശത്രുക്കളുടെയും വിമര്‍ശകരുടെയും വായടയ്ക്കാന്‍ ബ്രാഡ്മാനു സാധിച്ചു. ‘അപരാജിതര്‍’ എന്നായിരുന്നു ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നും ബ്രാഡ്മാന്‍ വിരമിക്കുന്നത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നാണ്. ഓസ്‌ട്രേലിയന്‍ നാണയങ്ങളിലും തപാല്‍ സ്റ്റാമ്പുകളിലും ബ്രാഡ്മാനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2008-ല്‍ ഓസ്‌ട്രേലിയന്‍ മന്ത്രിസഭ ബ്രാഡ്മാന്റെ ചിത്രം ഉള്‍പ്പെടുത്തിയ 5 ഡോളറിന്റെ സ്വര്‍ണ്ണനാണയവും പുറത്തിറക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് സമതിയുടെ പ്രശസ്തരുടെ പട്ടികയിലും ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരുണ്ട്.