‘കുറുപ്പായി നിങ്ങൾ തകർക്കുമെന്ന് ഉറപ്പാണ്’- ദുൽഖർ സൽമാന് ആശംസയുമായി യാഷ്

February 6, 2020

‘കുറുപ്പി’ന്റെ ചിത്രീകരണത്തിന് മംഗളൂരുവിൽ എത്തിയപ്പോൾ ‘കെ ജി എഫ്’ താരം യാഷിനെ കണ്ട സന്തോഷം ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോൾ ദുൽഖർ സൽമാന്റെ ‘കുറുപ്പി’ന് ആശംസയുമായി യാഷും എത്തിയിരിക്കുകയാണ്.

‘കുറുപ്പാ’യി ദുൽഖർ തകർക്കുമെന്ന് ഉറപ്പാണെന്നാണ് യാഷ് കുറിച്ചിരിക്കുന്നത്. ‘എന്റെ നാടായ മംഗളൂരുവിൽ വെച്ച് ഈ അതുല്യ നടനെ കണ്ടു. ബുദ്ധിയും വിനയവും ചേർന്ന നടനാണ് ദുൽഖർ സൽമാൻ. അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ തലമുറയിലെ മികച്ച് നടന്മാരിൽ ഒരാളാണ് ദുൽഖർ. ‘കുറുപ്പ്’ തകർക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ യാഷ് കുറിക്കുന്നു.

അതേസമയം, ‘കുറുപ്പ്’ ലുക്കിലുള്ള ചിത്രമാണ് ദുൽഖർ സൽമാൻ പങ്കുവെച്ചത്. മലയാളത്തിന്റെ റോക്കിങ് സ്റ്റാറും യാഷും ഒന്നിച്ചുള്ള ചിത്രം ഇരുവരുടെയും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ‘കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോൾ..’ എന്നാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.

Read More:ആര്‍ദ്രമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങി മനോഹരമായ ഒരു പ്രണയഗാനം

യാഷിന്റെ ആതിഥേയ മര്യാദ ഹൃദയത്തിൽ തൊട്ടുവെന്നും ഇനി അടുത്ത ഷെഡ്യുളിൽ കാണാം എന്നുമാണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്.