‘ദുൽഖറിസം’; സിനിമയിലെ എട്ട് വർഷങ്ങൾ, ‘കുറുപ്പ്’ സെറ്റിൽ സന്തോഷം പങ്കിട്ട് താരങ്ങൾ

എട്ട് വർഷങ്ങൾക്ക് മുൻപ് 2012 ഫെബ്രുവരി മൂന്നിനാണ് ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ റീലീസ് ചെയ്യുന്നത്. ലാലുവെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്റെ വേഷത്തെ ഒരു അരങ്ങേറ്റക്കാരന്റെ പോരായ്മകളൊന്നും തന്നെ പ്രകടമാക്കാതെ സ്ക്രീനിൽ അവതരിപ്പിച്ച ദുൽഖർ പിന്നീട് ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്.
ഉസ്താദ് ഹോട്ടലിലെ ഫൈസിയും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനും കെ ടി എൻ കോട്ടൂരിനെ അവതരിപ്പിച്ച ഞാൻ എന്ന ചിത്രവുമെല്ലാം ദുൽഖർ എന്ന നടന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിക്കൊടുത്തു. ആയാസരഹിതമായ അഭിനയത്തിലൂടെ ചാർളിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും ദുൽഖറിനെ തേടിയെത്തി. പിന്നീട് ബോളിവുഡിലും നിറസാന്നിധ്യമായി താരത്തിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം സോയ ഫാക്ടർ ആണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ ദുൽഖർ സൽമാൻ എട്ടുവർഷത്തെ തന്റെ സിനിമാ ജീവിതം പൂർത്തിയാക്കിയിരിക്കുകയാണ്.
ദുൽഖർ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുറുപ്പിന്റെ ലൊക്കേഷനിൽ വച്ച് സിനിമ ജീവിതത്തിന്റെ എട്ടാം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് താരം. ആഘോഷത്തിന്റെ ചിത്രങ്ങൾ നടി സുരഭി ലക്ഷ്മിയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
8 years of Dulquerism..!
അദ്ദേഹത്തിന്റെ എട്ടാമത്തെ വർഷം.. ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥിന്റെ പുതിയ സിനിമയും, DQ പ്രൊഡക്ഷന്റെ സംരംഭവുമായ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഞങ്ങൾ ആഘോഷിച്ചു. കുറിപ്പിൽ എനിക്കും അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരുപാട് കാലം സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആയി അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലയിലും ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു… സുരഭി ഫേസ്ബുക്കിൽ കുറിച്ചു.