‘ഹരികൃഷ്ണൻസി’ന് മൂന്ന് ക്ളൈമാക്സ് ഉണ്ടായിരുന്നു’- ഫാസിൽ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് ‘ഹരികൃഷ്ണൻസ്’. മോഹൻലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ രണ്ടു ക്ളൈമാക്സ് ആയിരുന്നു ഉണ്ടായിരുന്നത്. നായികയായ ജൂഹി ചൗളയെ ക്ലൈമാക്സ് രംഗത്തിൽ ചിലയിടങ്ങളിൽ ഹരിയും ചിലയിടങ്ങളിൽ കൃഷ്ണനും സ്വന്തമാക്കി. ഒരേ താരമൂല്യമുള്ളവർ സ്ക്രീൻ പങ്കിടുമ്പോൾ മറ്റ് വിമർശനങ്ങൾ ഉണ്ടാകാതിരിക്കാൻ ഫാസിൽ ബുദ്ധിപരമായാണ് ക്ളൈമാക്സ് ചിത്രീകരിച്ചത്.
എന്നാൽ ചിത്രത്തിന് മറ്റൊരു ക്ലൈമാക്സ് കൂടി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസിൽ. സിനിമയിൽ ഇല്ലായിരുന്നുവെങ്കിലും മമ്മൂട്ടിക്കും മോഹൻലാലിനും ജൂഹിക്കും ഒപ്പം ഷാരൂഖ് കൂടി അന്ന് ചില പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ എന്തായിരുന്നു അങ്ങനെയൊരു പോസ്റ്റർ എന്നതിനെക്കുറിച്ച് ഇതുവരെ ആരാധകർക്ക് വ്യക്തതയില്ലായിരുന്നു.
‘ഹരികൃഷ്ണൻസി’ന്റെ ഷൂട്ടിംഗ് ഊട്ടിയിൽ നടക്കുമ്പോൾ മറ്റൊരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഊട്ടിയിൽ തന്നെ ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. മലയാള സിനിമയുടെ ഹോംലി ഫീൽ ജൂഹിയിൽ നിന്നുമറിഞ്ഞ് ചെറിയ ഷോട്ടെങ്കിലും വേണമെന്ന് ഷാരൂഖ് ഖാൻ ആവശ്യപ്പെടുകയായിരുന്നു.
Read More:‘മരക്കാറായി മോഹൻലാൽ എത്തിയപ്പോൾ ജീസസിനെ പോലെയെന്ന് പറഞ്ഞവരുണ്ട്’- പ്രിയദർശൻ
എന്നാൽ ഷാരൂഖ് ഖാനെ എങ്ങനെ ഉൾപ്പെടുത്തും എന്നറിയില്ലായിരുന്നു എന്ന് ഫാസിൽ പറയുന്നു. ഒടുവിൽ ജൂഹിയെ മോഹൻലാലാണോ മമ്മൂട്ടിയാണോ സ്വന്തമാക്കുക എന്ന ആശയക്കുഴപ്പത്തിൽ നിൽകുമ്പോൾ ഷാരൂഖ് ഖാൻ ജൂഹിയുടെ കൈപിടിച്ച് പോകുന്ന രീതിയിൽ ക്ലൈമാക്സ് ചിത്രീകരിച്ചു. എന്നാൽ കൃതൃമത്വം തോന്നിയാലോ എന്നോർത്ത് ആ ഷോട്ട് ഉപേക്ഷിക്കുകയായിരുന്നു എന്ന് ഫാസിൽ വ്യക്തമാക്കുന്നു.