മഞ്ജു ചോദിച്ചാൽ ഫോൺ നമ്പറല്ല, ഫോൺ തന്നെ തരും; വേദിയെ പൊട്ടിച്ചിരിപ്പിച്ച് പാർത്ഥിപൻ, വീഡിയോ
മലയാളക്കരയിലും തമിഴകത്തും നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം സ്വീകരിക്കാൻ തമിഴ്നാട്ടിൽ എത്തിയ താരത്തിന്റെ ഒരു രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവാർഡ് സ്വീകരിക്കാൻ വേദിയിൽ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് നടനും അവതാരകനുമായ പാർത്ഥിപൻ നൽകിയത്.
മനോഹരമായി തമിഴ് സംസാരിച്ച മഞ്ജുവിനെ അഭിനന്ദിച്ച പാർത്ഥിപൻ ഒരു നല്ല ആസ്വാദികയ്ക്ക് മാത്രമേ നല്ല അഭിനേത്രിയാകാൻ സാധിക്കുകയുള്ളുവെന്ന് പറഞ്ഞു. താൻ സംവിധാനം ചെയ്ത ‘കഥൈ, തിരക്കഥെയ്, വാസനം, ഇയക്കം’ എന്ന ചിത്രം കണ്ട് അഭിനന്ദിക്കാൻ മഞ്ജു വിളിച്ചിരുന്നുവെന്നും, പക്ഷെ താൻ ഒരുക്കിയ ‘ഒത്ത സെരുപ്പ് സൈസ് 7’ മഞ്ജു കാണാത്തതിനാലാവും ഇത്തവണ വിളിക്കാതിരുന്നതെന്നും പറഞ്ഞു. എന്നാൽ ചിത്രം താൻ കണ്ടിരുന്നുവെന്നും നമ്പർ നഷ്ടപ്പെട്ടതിനാലാണ് വിളിക്കാതിരുന്നതെന്നും പറഞ്ഞ മഞ്ജുവിനോട് മഞ്ജു ചോദിച്ചാൽ ഫോൺ നമ്പറല്ല ഫോൺ തന്നെ തരുമെന്നായി പാർത്ഥിപന്റെ മറുപടി. ഇതോടെ നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും താരത്തിന് ലഭിച്ചത്.
അതേസമയം മഞ്ജു വാര്യർ ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘അസുരൻ’. ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു വേഷമിട്ടത്. വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്തത്. കലൈപുള്ളി എസ് താണുവിന്റെ നിര്മാണത്തില് ഒരുങ്ങിയ ചിത്രമാണ് ‘അസുരൻ’. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്.