‘കീർത്തിക്ക് എന്നോട് അത്യധികം സ്നേഹവും കെയറുമാണ്’- കീർത്തി സുരേഷുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജിമ
ബാലതാരങ്ങളായി സിനിമ കുടുംബങ്ങളിൽ നിന്നെത്തി തെന്നിന്ത്യയിൽ നായികമാരായി തിളങ്ങി നിൽക്കുകയാണ് മഞ്ജിമ മോഹനും, കീർത്തി സുരേഷും. ഇരുവരും മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും മറ്റ് ഭാഷകളിലാണ് മികച്ച വേഷങ്ങൾ തേടിയെത്തിയത്.കീർത്തിയും താനും ബാല്യം തൊട്ടേ വലിയ സുഹൃത്തുക്കളാണെന്ന് പറയുകയാണ് മഞ്ജിമ മോഹനിപ്പോൾ.
‘എന്റെ അച്ഛനും കീർത്തിയുടെ അച്ഛനും സുഹൃത്തുക്കളാണ്. ബാല്യ കാലം തൊട്ടേ ഞങ്ങളും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴും കൂടുതൽ തിളക്കത്തോടെ തുടരുന്നു. പക്ഷെ അധികം സംസാരിക്കാൻ അവസരം ലഭിക്കുന്നില്ല എന്ന വിഷമമേയുള്ളു. രണ്ടു പേരും തിരക്കിലാണ്. കീർത്തിക്ക് എന്നോട് അത്യധികം സ്നേഹവും കെയറുമാണ്. എപ്പോഴും എപ്പോഴും എന്ത് ഹെല്‍പ്പ് വേണേലും മടികൂടാതെ ചോദിക്കണം, ഫോണ്‍ ചെയ്യണം, എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കണം എന്നൊക്കെ പറയും’ മഞ്ജിമ പറയുന്നു.
Read More:സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച് രമ്യ നമ്പീശൻ
കീർത്തി സുരേഷ് ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. തെലുങ്കിൽ അഭിനയിച്ച മഹാനടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മഞ്ജിമ തമിഴ് സിനിമ ലോകത്താണ് സജീവം.