ന്യൂസീലന്‍ഡിനെതിരെ ഏകദിന പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ

February 11, 2020

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും കോലിപ്പടയ്ക്ക് കാലിടറി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍, മൂന്ന് തവണയും ന്യൂസിലന്‍ഡിനായിരുന്നു വിജയം.

ആശ്വാസ ജയം തേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ അവസാന അങ്കത്തില്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് മറികടന്നു. ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലറാണ് ഏകദിന പരമ്പരയിലെ താരം.

ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന്റെ സെഞ്ചുറി മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 113 പന്തുകളില്‍ നിന്നായി 112 റണ്‍സാണ് കെ എല്‍ രാഹുല്‍ അടിച്ചെടുത്തത്.

ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതും. 63 പന്തുകളില്‍ നിന്നായി 62 റണ്‍സ് നേടിയ ശേഷമാണ് ശ്രേയസ് അയ്യര്‍ കളം വിട്ടത്. പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. 42 പന്തുകളില്‍ നിന്നുമായി പൃഥ്വി ഷാ 40 റണ്‍സ് നേടി. എന്നാല്‍ ഒരു റണ്‍ മാത്രമാണ് മൂന്നാം അങ്കത്തില്‍ മായങ്ക് അഗര്‍വാള്‍ നേടിയത്. മൂന്നാമതായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 9 റണ്‍സ് എടുത്ത് കളം വിട്ടു. ഇന്ത്യയ്ക്കായി 42 റണ്‍സ് മനീഷ് പാണ്ഡെയും അടിച്ചെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തുടക്കം മുതല്‍ക്കേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസീലന്‍ഡിന്റെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 66 റണ്‍സും ഹെന്റി നിക്കോള്‍സ് 80 റണ്‍സും നേടി.

Read More:കാലിടറാതെ ജനഹൃദയങ്ങള്‍ ‘തൂത്തുവാരിയ’ ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്‌രിവാളും…

അവസാന ഓവറിൽ ആഞ്ഞടിച്ച കോളിൻ ഗ്രാൻഹോം ആണ് ന്യൂസിലന്‍ഡിന്‌ വിജയം എളുപ്പമാക്കിയത്. 28 പന്തിൽ നിന്നും കോളിൻ ഗ്രാൻഹോം 58 റൺസാണ് സ്വന്തമാക്കിയത്.