കാലിടറാതെ ജനഹൃദയങ്ങള്‍ ‘തൂത്തുവാരിയ’ ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്‌രിവാളും…

February 11, 2020

ജനനേതാവ്… അരവിന്ദ് കേജ്‌രിവാളിന് നല്‍കാവുന്ന മികച്ച ഒരു വിശേഷണമാണ് ഇത്. ഒരു ‘ചൂലു’മായി വന്ന് ജനഹൃദയങ്ങള്‍ തൂത്തുവാരിയ നേതാവാണ് അരവിന്ദ് കേജ്‌രിവാള്‍, അദ്ദേഹത്തിന്റെ പാര്‍ട്ടി ആംആദ്മിയും. വിമര്‍ശനങ്ങളും കളിയാക്കലുകളും ഏറെ ഉയര്‍ന്നെങ്കിലും അവയ്‌ക്കൊന്നും പ്രഹരം ഏല്‍പിക്കാന്‍ സാധിച്ചില്ല എന്നതുതന്നെയാണ് എഎപി എന്ന ആംആദ്മി പാര്‍ട്ടിയുടെ നേട്ടവും. ‘ആം’ എന്നാല്‍ സാധാരണ എന്നര്‍ത്ഥം ‘ആദ്മി’ എന്നാല്‍ മനുഷ്യന്‍ എന്നും. സാധാരണക്കാരന്റെ പാര്‍ട്ടി എന്ന നിലപാടിലുറച്ചാണ് എഎപിയുടെ പ്രവര്‍ത്തനങ്ങള്‍.

തുടര്‍ച്ചയായി മൂന്നാം തവണയാണ് അരവിന്ദ് കേജ്‌രിവാളിന്റെ സര്‍ക്കാര്‍ രാജ്യതലസ്ഥാനത്ത് അധികാരത്തിലേറാന്‍ ഒരുങ്ങുന്നത്. അരവിന്ദ് കേജ്‌രിവാളിനെതിരെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണം ബിജെപി നടത്തിയെങ്കിലും ജനങ്ങള്‍ ആംആദ്മിക്ക് അനുകൂലമായിരുന്നു. ഇതുന്നെയാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും.

പുതുതായി രൂപംകൊണ്ട ഒരു പാര്‍ട്ടിക്ക് രാജ്യത്ത് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആംആദ്മി ഹാട്രിക് വിജയത്തിലൂടെ. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഡല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍തന്നെയാണ് പാര്‍ട്ടിയെ തുണച്ചതും. വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, ഒരുമാസം 20,000 ലിറ്റര്‍ വരെ സൗജന്യ വെള്ളം, 15,600 കോടി രൂപയുടെ വിദ്യാഭ്യാസ വിഹിതം, സര്‍ക്കാര്‍ സ്‌കൂളുകളില്‍ 20,000 പുതിയ ക്ലാസ് മുറികള്‍, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, നഗരത്തില്‍ ഉടനീളം ആരോഗ്യ ക്ലിനിക്കുകള്‍ ഇങ്ങനെ നീളുന്നു ആംആദ്മിയെ ജനപ്രിയമാക്കിയ ചില പ്രഖ്യാപനങ്ങള്‍. പ്രഖ്യാപനങ്ങള്‍ പ്രസംഗത്തിലൊതുക്കാതെ പ്രാവര്‍ത്തികമാക്കി എന്നതാണ് പാര്‍ട്ടിയെ ഇത്രമേല്‍ ജനപ്രിയമാക്കാന്‍ കാരണമായതും.

അഴിമതിവിരുദ്ധ മുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു എഎപിയുടെ പിറവി. അണ്ണാ ഹസാരെയുമായി ഉണ്ടായ ഭിന്നതയാണ് അരവിന്ദ് കേജ്‌രിവാളിനെ ആംആദ്മി പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. 2011-ല്‍ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഓക്ടോബര്‍ 2 ന് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചു. 2012 നവംബര്‍ 26 ന് ഔദ്യോഗികമായി എഎപി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആംആദ്മി പാര്‍ട്ടി ആദ്യമായി മത്സരിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീഷിതിനെതിരെ ന്യൂഡല്‍ഹി സീറ്റില്‍ മത്സരിച്ച കേജ്‌രിവാള്‍ ആദ്യ പോരാട്ടത്തില്‍ത്തന്നെ വിജയം നേടി. അങ്ങനെ 2013 ഡിസംബര്‍ 23 ന് ആംആദ്മി പാര്‍ട്ടിയുടെ ആദ്യ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലേറി. കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു എഎപി അധികാരത്തിലെത്തിയത്. അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ കേവലം 49 ദിവസങ്ങള്‍ മാത്രമായിരുന്നു ഈ സര്‍ക്കാരിന്റെ കാലാവധി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ 2014 ഫെബ്രുവരിയില്‍ അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു.

2015-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി സജീവമായി മത്സരത്തിനിറങ്ങി. 2014 ഫെബ്രുവരിയില്‍ ആംആദ്മി പാര്‍ട്ടിയുടെ ആദ്യ സര്‍ക്കാര്‍ ഡല്‍ഹിയില്‍ രാജിവെച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാള്‍ ഉറക്കെ പ്രഖ്യാപിച്ചത് ‘ഞങ്ങള്‍ മടങ്ങി വരും’ എന്നാണ്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം മികച്ച ഭൂരിപക്ഷത്തോടെ എഎപി അധികാരത്തിലെത്തുകയും ചെയ്തു. 70 സീറ്റുകളില്‍ 67 സീറ്റിലും വിജയിച്ചുകൊണ്ടാണ് അക്കൊല്ലം എഎപി അധികാരത്തിലേറിയത്.

ലാളിത്യംകൊണ്ടാണ് അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹിയിലെ ജനഹൃദയങ്ങള്‍ കീഴടക്കിയത് എന്നു പറയുന്നതില്‍ തെറ്റില്ല. 1968 ഓഗസ്റ്റ് 16-നായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ ജനനം. ഐഐടിയില്‍ നിന്നും 1989-ല്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയ അരവിന്ദ് കേജ്‌രിവാള്‍ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. ജംഷഡ്പൂരിലെ ടാറ്റ സ്റ്റീലില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം 1992 ലാണ് ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ചത്. എന്നാല്‍ 2006-ല്‍ ആദായനികുതി വകുപ്പിലെ ജോയിന്റ് കമ്മീഷ്ണര്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചു.

തുടര്‍ന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലൂടെയും വിവരാവകാശ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചതിലൂടെയുമെല്ലാം അരവിന്ദ് കേജ്‌രിവാള്‍ അംഗീകരിക്കപ്പെട്ടു. 2006-ല്‍ ‘ഉയര്‍ന്നു വരുന്ന നേതൃത്വ’ത്തിനുള്ള റാമോണ്‍ മഗ്‌സസെ അവാര്‍ഡ് ലഭിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചത്. കേജ്‌രിവാളും അണ്ണാ ഹസാരെയും ചേര്‍ന്ന് ഇന്ത്യ എഗയിനിസ്റ്റ് കറപ്ഷന്‍(ഐഎസി) എന്ന ഗ്രൂപ്പ് രൂപീകരിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെ അരവിന്ദ് കേജ്‌രിവാള്‍ കൂടുതല്‍ ശ്രദ്ധേയനായി. പിന്നീട് വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള എഎപി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും അരവിന്ദ് കേജ്‌രിവാളിനെ ജനനേതാവാക്കി. ഹാട്രിക് വിജയത്തിലൂടെ ആംആദ്മി പാര്‍ട്ടി ‍ഉറപ്പിക്കുകയാണ് ഡല്‍ഹിയിലെ ജനഹൃദയങ്ങളിലാണ് തങ്ങളുടെ സ്ഥാനമെന്ന്…