തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം
ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പതിനൊന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്നതാണ് ഏകദിന പരമ്പര.
ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തതോടെ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യന്‍താരം ശ്രേയസ് അയ്യര്‍ താരമായി. ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ നേടുന്ന കന്നി സെഞ്ചുറിയാണിത്. 107 പന്തില്‍ നിന്നും 103 റണ്‍സ് താരം അടിച്ചെടുത്തു. പതിനൊന്ന് ഫോറും ഒരു സിക്സും സഹിതമാണ് ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടിയത്.
പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. 31 പന്തില്‍ നിന്നും മായങ്ക് അഗര്‍വാള്‍ 32 റണ്‍സ് നേടി പുറത്തായി. പൃഥ്വി ഷാ 21 പന്തുകളില്‍ നിന്നായി 20 റണ്‍സ് നേടി കളം വിട്ടു. 63 പന്തില്‍ നിന്നാമായി വിരാട് കോലി 51 റണ്‍സ് നേടി. 88 റണ്‍സുമായി കെ എല്‍ രാഹുലും 26 റണ്‍സുമായി കേദാര്‍ ജാദവും പുറത്താകാതെ നിന്നു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 347 റണ്‍സ് അടിച്ചെടുത്തത്.
കുല്‍ദീപ് യാദവ് ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
Read more: റോഡിലേക്ക് വീണ പാത്രം വീട്ടുടമയ്ക്ക് എടുത്ത് നല്കുന്ന ആന: വൈറല്‍ വീഡിയോ
മറുപടി ബാറ്റിങ്ങിന്റെ തുടക്കം മുതല്ക്കേ ന്യൂസിലന്‍ഡ് മികച്ചു നിന്നു. റോസ് ടെയ്ലറിന്റെ സെഞ്ചുറി മികവാണ് ന്യൂസിലന്‍ഡിന് തുണയായത്. 84 പന്തുകളില്‍ നിന്നായി 109 റണ്‍സ് നേടിയ ടെയ്ലര് പുറത്താകാതെ നിന്നു. 78 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സും ടീമിന് മികച്ച പിന്തുണ നല്കി.
ഇന്ത്യന്‍ ടീം-വിരാട് കോലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി