സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

കൗതുകം നിറഞ്ഞ അനേകം കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ് മൃഗശാലകള്‍. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ദൃശ്യമികവിലുള്ള ഒരു മൃഗശാലയുണ്ട്, സിംഗപ്പൂരില്‍. റെയിന്‍ഫോറസ്റ്റ് ലൂമിന എന്നാണ് പേര്. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെയെത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
രാത്രിസമയമാണ് ഈ മൃഗശാലയിലെത്താന് ഏറ്റവും അനുയോജ്യം. മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിതസ്ഥിതിയിലാണ് ഇവിടെ പരിപാലിക്കുന്നത്. നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ ഇവിടുത്തെ മൃഗങ്ങളൊക്കെ കൂടണയും. പിന്നെ മറ്റൊരു ലോകമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.

രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്നവരുടെ ലക്ഷ്യം മൃഗങ്ങളെ കാണുക എന്നതല്ല. മറിച്ച് ഇരുളും വെളിച്ചവും ഇടകലര്‍ന്ന മൃഗങ്ങളുടെ സങ്കേതങ്ങള്ക്കിടയിലൂടെയുള്ള നടത്തമാണ്. ഭയവും അത്ഭുതവും കൗതുകവുമൊക്കെ നിറഞ്ഞിരിക്കുന്നു ഈ രാത്രി നടത്തങ്ങളില്‍ ഉടനീളം.

മള്‍ട്ടിമീഡിയ ഇന്ററാക്ടീവ് നൈറ്റ് വോക്ക് എന്നാണ് ഈ രാത്രി സഞ്ചാരത്തെ വിശേഷിപ്പിക്കുന്നത്. മൃഗശാലയിലെത്തിയാല് യാത്ര തുടങ്ങുന്നതിന് മുമ്പായി ഗാര്‍ഡന്‍സ് ഓഫ് വെര്‍ച്യൂസ് എന്ന സ്ഥലത്ത് ലഭ്യമാകുന്ന ബ്രേസ്-ലെറ്റുകളില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാം. എട്ടുതരം ബ്രേസ്-ലെറ്റുകളാണ് ഇവിടെയുള്ളത്. ദയ, ക്ഷമ, ലീഡര്‍ഷിപ്പ് തുടങ്ങിയ എട്ട് മാനുഷീക ഗുണങ്ങളാണ് ഓരോ ബ്രേസ്-ലെറ്റും സൂചിപ്പിക്കുന്നത്.
Read more: പുല്ലാങ്കുഴലില്‍ ‘പൂമുത്തോളേ…’; കൊച്ചുമിടുക്കന്റെ മനോഹര സംഗീതത്തിന് നിറഞ്ഞ കൈയടി

യാത്രയിലുടനീളം ലേസര്‍ വെളിച്ചത്തിന്റെ അത്ഭുത പ്രപഞ്ചം ദൃശ്യമാകും. ചില സ്ഥലങ്ങളിലെത്തുമ്പോള്‍ ഉറക്കെ ഒന്ന് ശബ്ദിച്ചാല്‍ മതി, ചില മൃഗരൂപങ്ങള്‍ മുന്നില്‍ ദൃശ്യമാകും. കുട്ടിക്കഥകളുടെ ഓര്‍മ്മകളിലേയ്ക്ക് നയിക്കുന്ന ലേസര്‍ ഷോയും യാത്രയ്ക്കിടയില്‍ കാണാന്‍ സാധിക്കും.
ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിന് ഇടയിലും സന്ദര്‍ശകര്‍ക്ക് മാനസിക സന്തോഷം നല്കുന്ന ഓട്ടേറെ വിനോദങ്ങളുണ്ട് ഈ മൃഗശാലയില്‍. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാഴ്ചക്കാര്‍ക്ക് വൈവിധ്യങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് റെയിന്‍ഫോറസ്റ്റ് ലൂമിന എന്ന മൃഗശാല സമ്മാനിക്കുന്നത്.