“നിങ്ങളുടെയെല്ലാം അമ്മയെപ്പോലെ ഒരമ്മ”: ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ശോഭന
ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ‘നിങ്ങള്‍ ഓരോരുത്തരുടെയും വീട്ടിലെ അമ്മമാര്‍ ഏതൊക്കെ വികാരങ്ങളിലൂടെ കടന്നുപോകുന്നുവോ, അതിലെല്ലാം കൂടി കടന്നുപോകുന്ന ഒരു അമ്മ. അതാണ് കഥാപാത്രം’ എന്ന് ശോഭന പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
2016-ല്‍ വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്പാണ് ചലച്ചിത്രലോകത്ത് ലഭിക്കുന്നതും.
കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തുന്നത്. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് ഈ ചിത്രത്തിലൂടെ.
2015- ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടില്ല. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.