അന്ന് സത്യൻ അന്തിക്കാടിന്റെ വക ‘വധുവിനെ ആവശ്യമുണ്ട്’; ഇന്ന് മകന്റെ വക ‘വരനെ ആവശ്യമുണ്ട്’- വൈറലായി അച്ഛന്റെയും മകന്റെയും ആദ്യ ചിത്രങ്ങളുടെ സാമ്യത
സത്യൻ അന്തിക്കാടിന്റെ മക്കൾ രണ്ടാളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രണ്ടാമത്തെ മകൻ അഖിൽ സത്യൻ ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങളും പുറത്ത് വന്നിരുന്നു.
ഇപ്പോൾ അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്ക് സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രവുമായുള്ള സാമ്യമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം. റോയ് വി ടി എന്ന പ്രേക്ഷകനാണ് ഈ സാമ്യം കണ്ടെത്തിയിരിക്കുന്നത്.
റോയ് വി ടി യുടെ കുറിപ്പ്
‘വരനെ ആവശ്യമുണ്ട്’ എന്ന പേരിൽ പുതിയൊരു സിനിമ തിയേറ്ററുകളിൽ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യൻ) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കിൽ, അന്ന് അച്ഛന്റെ (സത്യൻ അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തിൽ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃശ്ചികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓർമ്മയുണ്ടാകുമോ എന്തോ !
Read More: ‘ഹെലെന്’ തമിഴിലേക്ക്; കേന്ദ്ര കഥാപാത്രമായി കീര്‍ത്തി പാണ്ഡ്യന്
ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.