ചൂടുകാലത്ത് മുഖത്തിനു വേണം കരുതല്‍
പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. വരുംദിവസങ്ങളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ചൂടുകാലത്ത് മുഖത്തിനും കാര്യമായ കരുതല്‍ നല്‍കേണ്ടതുണ്ട്. മുഖത്തിന് ശരിയായ രീതിയിലുള്ള കരുതല്‍ നല്കാന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ചൂടുകാലമായതിനാല്‍ മുഖം വേഗത്തില്‍ കരിവാളിക്കാനുള്ള സാധ്യതയുണ്ട്. ചെറിയ രീതിയില്‍ തന്നെ വെയില് കൊള്ളുമ്പോഴേക്കും പലരുടെയും മുഖം പെട്ടെന്ന് കരിവാളിക്കുന്നു. യുവി രശ്മികള്‍ പതിക്കുമ്പോള്‍ ശരീരത്തില്‍ മെലാനിന്റെ അളവ് കൂടുന്നതാണ് നിറവ്യത്യാസത്തിന്റെ കാരണങ്ങളില്‍ ഒന്ന്. മുഖത്ത് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് കരിവാളിപ്പിനെ ചെറുക്കാന്‍ സഹായിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ കറ്റാര്‍വാഴയുടെ ജെല്‍ മുഖത്ത് പുരട്ടുന്നതും കരിവാളിപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
Read more: അഭിനയത്തില്‍ അതിശയിപ്പിച്ച് ഇന്ദ്രന്‍സ്; ‘വെയില്‍മരങ്ങള്‍’ ട്രെയ്ലര്
ചൂടു കൂടുമ്പോള്‍ മുഖം നന്നായി വിയര്‍ക്കും. മുഖക്കൂരു കൂടാനും ഇത് കാരണമാകുന്നു. അതുകൊണ്ട് മുഖം വിയര്‍ത്താല്‍ താമസിയാതെ ശുദ്ധജലത്തില്‍ കഴുകുന്നത് നല്ലതാണ്. ചൂടുകാലത്ത് മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകുന്നതും നല്ലതാണ്. അതുപോലെ തണുത്ത തൈര് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിനെ ചെറുക്കാന്‍ സഹായിക്കും. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം ദിവസവും രണ്ടോ മൂന്നോ തവണ കഴുകുന്നതും നല്ലതാണ്. എണ്ണമയം കുറഞ്ഞ മോയിസ്ചറൈസറും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
അതുപോലെ ചൂടുകാലത്ത് വെള്ളം ധാരാളമായി കുടിക്കണം. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടുന്നു. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. അതിനാല്‍ കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ദിവസവും കുടിക്കണം. മുഖത്തിന്റെ സംരക്ഷണത്തിനും വെള്ളം ധാരാളമായി കുടിക്കേണ്ടതുണ്ട്. അതുപോലെതന്നെ പഴ വര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും മുഖസൗന്ദര്യത്തിനും ഒപ്പം ആരോഗ്യത്തിനും ഗുണകരമാണ്.