ഇയര്‍ഫോണ്‍ നഷ്ടപ്പെടാതിരിക്കാന്‍ കണ്ടെത്തിയ വിദ്യ ഹിറ്റ്, ഒടുവില്‍ സംഗതി വില്‍പനയ്ക്കും

February 8, 2020

അത്യാവശ്യഘട്ടങ്ങളില്‍ അല്‍പം ക്രിയാത്മകമായി ചിന്തിക്കുന്നവരാണ് ചിലര്‍. ഇത്തരം ചിന്തകളില്‍ നിന്നാണ് പലപ്പോഴും പല കണ്ടെത്തലുകളും പിറവിയെടുക്കുന്നതും. ഉദാഹരണത്തിന് ആപ്പിള്‍ തലയില്‍ വീണപ്പോള്‍ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയതുപോലെ. തന്റെ ചെറിയൊരു ആവശ്യത്തിനായി ഒരു കണ്ടെത്തല്‍ നടത്തുകയും പുതുതായി ഒരു വസ്തുതന്നെ സൃഷ്ടിച്ചെടുക്കുകയും ചെയ്ത ഒരു പെണ്‍കുട്ടിയാണ് കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരം.

വിര്‍ജീനിയയില്‍ നിന്നുള്ള 22 കാരിയാണ് ഈ പെണ്‍കുട്ടി. പേര് ഗബ്രിയേല്‍ റെയ്‌ലി. പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഗബ്രിയേല്‍ റെയ്‌ലി എപ്പോഴും ഇയര്‍ഫോണുകള്‍ കൈയില്‍ കരുതാറുണ്ടായിരുന്നു. വയറുള്ള ഇയര്‍ഫോണ്‍ പലകാരണങ്ങളാല്‍ നഷ്ടപ്പെട്ട് തുടങ്ങിയതോടെ ഈ പെണ്‍കുട്ടി ഒരല്പം വിലകൂടിയ എയര്‍പോഡുകള്‍ വാങ്ങി.

എന്നാല്‍ എയര്‍പോഡുകള്‍ ഇടയ്ക്കിടെ ചെവിയില്‍ നിന്നും താഴെ വീഴുന്നതും എവിടെയെങ്കിലുമൊക്കെ വെച്ച് മറന്നുപോകുന്നതുമെല്ലാം ഗബ്രിയേല്‍ റെയ്‌ലിയെ വീണ്ടും നിരാശപ്പെടുത്തി. ഒടുവില്‍ കുറെ ആലോചിച്ച് പുതിയൊരു വിദ്യ തന്നെ കണ്ടുപിടിച്ചു ഈ പെണ്‍കുട്ടി. എയര്‍പോഡുകളെ കമ്മലുകളാക്കി മാറ്റുക.

Read more: ചതുപ്പിൽ വീണ മനുഷ്യന് സഹായവുമായി ഒറാങ്ങൂട്ടാൻ; ഹൃദയംതൊട്ട് ഒരു സ്നേഹചിത്രം

അങ്ങനെ ഗബ്രിയേല്‍ റെയ്‌ലി ‘എയര്‍റിങ്‌സുകള്‍’ ഉണ്ടാക്കി. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു. ഒപ്പം എയര്‍റിങ് ചെവിയില്‍ സുരക്ഷിതമായി ഇരിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വീഡിയോയും. ‘എയര്‍റിങ്‌സ്’ മാത്രമല്ല എയര്‍പോഡുകള്‍ സുരക്ഷിതമാക്കുന്ന തരത്തില്‍ മാലകളും ഉണ്ടാക്കി ഈ പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളില്‍ ഈ കമ്മലുകളും മാലയുമൊക്കെ വൈറലായതോടെ നിരവധി ആവശ്യക്കാരുമെത്തി. ഇപ്പോള്‍ മികച്ച വരുമാനംകൂടി നല്‍കുന്നുണ്ട് ഗബ്രിയേല്‍ റെയ്‌ലിക്ക് ഈ എയര്‍റിങ്‌സുകള്‍.