‘ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവെടാ’- സെൽഫ് ട്രോളുമായി ടൊവിനോ തോമസ്; ശ്രദ്ധേയമായി ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ട്രെയ്‌ലർ

March 8, 2020

ടോവിനോ തോമസും ഇന്ത്യ ജാർവിസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സി’ന്റെ ട്രെയ്‌ലർ എത്തി. നവാഗതനായ ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റോഡ് മൂവി വിഭാഗത്തിൽ പെടുന്നതാണ്. ചിത്രത്തിന്റെ ടീസറിനും പാട്ടിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ട്രെയിലറിലെ അവസാന ഡയലോഗാണ് ശ്രദ്ധേയം. ‘അവിടെ നിന്ന് ആർക്കുവേണമെങ്കിലും കൂവാൻ പറ്റും, ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവെടാ’ എന്ന ഡയലോഗ് പറയുന്നത് ടൊവിനോ തോമസ് ആണ്. ടോവിനോ അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ഒരു യഥാർത്ഥ സംഭവം തന്നെ സ്വയം ട്രോളുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിലൂടെ.

ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദും അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക.

Read More:ഒരു പോരാട്ടത്തിന്റെ കഥ പറയാനുണ്ട് ഈ ദിനത്തിന്; അറിയാം മാര്‍ച്ച് എട്ട് വനിതാദിനമായത് എങ്ങനെയെന്ന്..

ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ പ്രേക്ഷകരിലേക്കെത്തുന്നത്.