പിച്ചവെച്ച് കുട്ടിയാന; വൈറലായി ആദ്യചുവട്, ഹൃദ്യം ഈ വീഡിയോ

March 11, 2020

ആനക്കഥകൾക്കും ആനവിശേഷങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ സമൂഹമാധ്യങ്ങളിലും ആനകൾ താരങ്ങളാണ്. ആനകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിൽ നിൽക്കുന്ന ആന സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഉത്സവപ്പറമ്പിലും പൂരപ്പറമ്പിലുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഗജവീരന്മാർ മനം നിറയ്ക്കുന്ന മനോഹര കാഴ്ചകളാണ്. ഇപ്പോഴിതാ ഒരു കുട്ടിയാനയുടെ ആദ്യ ചുവടുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്.

ജനിച്ച് അധികമാവാത്ത ആനക്കുട്ടി നടക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒന്ന് രണ്ട് ചുവട് വെയ്ക്കുമ്പോഴേക്കും കക്ഷി തളർന്ന് താഴേക്കു വീഴും. പിന്നീട് വീണ്ടും എണീറ്റ് നടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

Read also: കൊവിഡ്- 19: വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, വിമാനത്താവളങ്ങൾക്ക് പുറമെ റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും കർശന പരിശോധന

ഒരു കുഞ്ഞിന്റെ ആദ്യ ചുവടുകൾ പോലെത്തന്നെ ഏറെ സ്നേഹത്തോടെയാണ് കാഴ്ചക്കാർ ആനക്കുട്ടിയുടെ ആദ്യ ചുവടുകളും ഏറ്റെടുക്കുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആനക്കുട്ടിയെ നടത്താൻ സഹായിക്കുന്ന ‘അമ്മ ആനയുടെ ചിത്രങ്ങളും കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.