മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ
മഴയ്ക്കൊരു സംഗീതം ഉണ്ട്. ചിലരെങ്കിലും ആസ്വദിക്കാറുണ്ടാകും മഴയുടെ സംഗീതത്തെ. മഴ പെയ്യുമ്പോള്‍ സംഗീതം നിറയുന്ന ഒരു കെട്ടിടമുണ്ട്. ജര്‍മന്‍ നഗരമായ ഡ്രെസ്ഡനില്‍. ഇവിടെയുള്ള തെരുവില്‍ വിചിത്രമായ പല മുറ്റങ്ങളുമുണ്ട്. വ്യത്യസ്തമായ തീമുകളാണ് ഓരോ മുറ്റങ്ങളുടേതും.
ഡ്രെസ്ഡനിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ സഞ്ചാരികളെ അത്ഭുതപ്പെടുത്താറുണ്ട് ഈ മഴ സംഗീത കെട്ടിടം. പേരുപോലെതന്നെ മഴ പെയ്യുമ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും സംഗീതമുയരുന്നു. മനോഹരമായ മഴയുടെ സംഗീതം.
മനോഹരമായ ഒരു സംഗീത ഉപകരണം എന്നു വേണമെങ്കിലും ഈ ബഹുനില കെട്ടിടത്തെ വിശേഷിപ്പിക്കാം. ശില്പിയായ ആനെറ്റ് പോളും ഡിസൈനര്‍മാരായ ക്രിസ്റ്റോഫ് റോസ്നറും ആന്‍ഡ്രെ ടെമ്പലും ചേര്‍ന്നാണ് കൗതുകം നിറഞ്ഞ ഈ കെട്ടിടം നിര്‍മിച്ചത്.
റൂബ് ഡോള്‍ഡ്ബെര്‍ഗ് മെഷീനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ശില്പികള് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ലളിതമായ ഒരു ജോലി മനഃപൂര്‍വ്വം സങ്കീര്‍ണമായ രീതിയില്‍ നിര്‍വഹിക്കുന്ന യന്ത്രമാതൃകയാണ് റൂബ് ഡോള്‍ഡ്ബെര്‍ഗ് മെഷീന്. അക്കൂസ്റ്റിക് ഡിസൈന്‍ ഉപയോഗിച്ച് പൈപ്പുകള്‍, ഫണലുകള്‍ എന്നിവയുടെ ഒരു സങ്കീര്‍ണ്ണ ശൃംഖല തീര്‍ത്തിട്ടുണ്ട് കെട്ടിടത്തില്‍.
1999-ലാണ് ഈ മഴയുടെ സംഗീതം നിറയുന്ന കെട്ടിടം നിര്‍മിച്ചത്. നിരവധി വിനോദസഞ്ചാരികള്‍ മഴ പെയ്യുമ്പോള്‍ സംഗീതം പൊഴിയ്ക്കുന്ന ഈ കെട്ടിടം കാണാനുമെത്താറുണ്ട്.