തടാകത്തില്‍ നിറയെ അതിശയിപ്പിക്കുന്ന ‘ഉപ്പ് ക്രിസ്റ്റല്‍ സ്തൂപങ്ങള്‍’; അറിയാം അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച്
പ്രകൃതി നിരവധി വിസ്മയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പലതും മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് അപ്പുറം. പ്രകൃതിയിലെ ഒരു വിസ്മയമാണ് ചാവുകടല്‍ എന്നത്. കടല്‍ എന്ന് പേരിനൊപ്പം ഉണ്ടെങ്കിലും സത്യത്തില്‍ ചാവുകടല്‍ എന്നത് ഒരു തടാകമാണ്. ഈ തടാകത്തില്‍ നിറയെ ലോകത്തിലെ ഏറ്റവും ഉപ്പുരസമേറിയ ജലമാണുള്ളത്. അതായത് സാധാരണ സമുദ്ര ജലത്തേക്കാള്‍ പത്തിരട്ടിയോളം ഉപ്പു രസമുണ്ട് ചാവുകടലിലെ വെള്ളത്തിന്. ചാവുകടലിലെ ഉപ്പുരസം ഓരോ ദിവസവും വര്‍ധിച്ചു വരികയാണെന്നാണ് പറയപ്പെടുന്നത്.
ഉപ്പുരസം മാത്രമല്ല ഉപ്പു ക്രിസ്റ്റലുകളും പ്രകടമാണ് ചാവുകടലില്‍. 1979 മുതല്‍ ഈ ഉപ്പ് ക്രിസ്റ്റലുകള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടു തുടങ്ങി. എന്നാല്‍ ഉപ്പു ക്രിസ്റ്റല്‍ സ്തൂപങ്ങള്‍ എങ്ങനെ രൂപംകൊള്ളുന്നു എന്ന കാര്യത്തില്‍ ഗവേഷകര്‍ ഉത്തരം കണ്ടെത്തിയത് അടുത്ത കാലത്താണ്.
Read more: കടലുകളില്‍ കവര്‍ പൂത്തുകിടക്കുമ്പോള്… അറിയാം ‘തണുത്ത വെളിച്ച’ത്തെക്കുറിച്ച്
മനുഷ്യര്‍തന്നെയാണ് ചാവുകടലില്‍ ഉപ്പുരസം വര്‍ധിക്കാന്‍ കാരണം. ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും കൈവഴികളിലൂടെ ശുദ്ധജലം ചാവുകടലില്‍ എത്തിയിരുന്നു. ഈ ശുദ്ധജലമാണ് ചാവുകടലിലെ ഉപ്പുരസത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തിയത്. എന്നാല്‍ ജോര്‍ദ്ദാന്‍ നദിയുടെ കൈവഴികളിലൂടെ വരുന്ന വെള്ളം മനുഷ്യര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. ഇതോടെ ചാവുകടലിലെത്തുന്ന ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞു. ബാഷ്പീകരണം കൂടുകയും ചെയ്തു.
തടകാത്തിലെ ആഴംകുറഞ്ഞ ഭാഗങ്ങളില്‍ വികൃതമായ ഉപ്പു ക്രിസ്റ്റലുകള്‍ രൂപം കൊള്ളുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെയാണ്. തടാകത്തിന്റെ അടിത്തട്ടില്‍ ഉപ്പ് ക്രിസ്റ്റല്‍ രൂപത്തിലാകുന്നതിനെ സോള്‍ട്ട് ഫിംഗറിങ് എന്നാണ് പറയുന്നത്. ഉപ്പു ക്രിസ്റ്റ്ലുകള്‍ എങ്ങനെ രൂപം കൊള്ളുന്നു എന്നു നോക്കാം.
സൂര്യപ്രകാശം പതിക്കുമ്പോള്‍ ചാവുകടലിന്റെ ഉപരിതലം ചൂടാകും. ആ സമയങ്ങളില്‍ മുകളിലത്തെ വെള്ളം അല്പാല്പമായി ബാഷ്പീകരിക്കാന്‍ തുടങ്ങും. ജലോപരിതലത്തില്‍ ഉപ്പു രസവും വര്‍ധിക്കും. ഉപ്പുക്രിസ്റ്റലുകള് ഉണ്ടാവുകയും ചെയ്യും. എന്നാല്‍ കാറ്റ് പോലെയുള്ള സ്രോതസില്‍ നിന്ന് അനക്കം തട്ടുമ്പോള്‍ ജലോപരിതലത്തിലെ ചൂടുവെള്ളം അടിത്തട്ടിലെ തണുത്ത വെള്ളവുമായി കൂടിച്ചേരും. ഉപ്പു ക്രിസ്റ്റലുകള്‍ താഴേയ്ക്ക് ഊര്‍ന്നിറങ്ങുകയും ചെയ്യും. ഇങ്ങനെയാണ് കൂടുതല്‍ ഉപ്പു ക്രിസ്റ്റലുകള്‍ കൂടിച്ചേര്‍ന്ന് സ്തൂപങ്ങളും ഉണ്ടാകുന്നത്.