രോഗബാധിതർ സഞ്ചരിച്ച വിമാനങ്ങൾ അണുവിമുക്തമാക്കി അധികൃതർ, വീഡിയോ
പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായെങ്കിലും കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ്- 19 സ്ഥിതി നിയന്ത്രണവിധേയമല്ലാതായി മാറിയതോടെ കനത്ത ജാഗ്രതയിലാണ് ലോകം മുഴുവൻ. രോഗികൾ സഞ്ചരിച്ച വിമാനങ്ങൾ ഉൾപ്പെടെയുള്ളവ അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ് അധികൃതർ.
ചൈനയിൽ ഉത്ഭവം കൊണ്ട വൈറസ് ബാധ 120- ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചുകഴിഞ്ഞു. ലോകത്താകെ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. 1,56,588 പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. 5836 പേര്‍ കൊവിഡ്- 19 മൂലം മരണപ്പെട്ടു. എന്നാൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
ചില പ്രതലങ്ങളിൽ കൊറോണ വൈറസ് 72 മണിക്കൂർ വരെ നിലനിൽക്കും. ഈ സാഹചര്യത്തിൽ രോഗബാധിതരായ യാത്രക്കാർ സഞ്ചരിച്ച വിമാനങ്ങൾ അണുവിമുക്തമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വ്‌ളോഗർ സാം ചൂയിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുരക്ഷാ സ്യൂട്ടും മാസ്‌കും കൈയുറകളും ധരിച്ചാണ് വിമാനം അണുവിമുക്തമാകുന്നത്. കൊറോണ വൈറസിനെ നശിപ്പിക്കുന്ന ബാക്കോബാന്‍ എന്ന സൊലൂഷനാണ് അണുവിമുക്തമാക്കാൻ ഉപയോഗിച്ചിരിക്കുന്നത്.