ഇന്ത്യയിൽ നിയന്ത്രണാതീതമായ സാഹചര്യം വന്നാൽ വുഹാനിലേത് പോലെ താൽകാലിക ആശുപത്രികൾ നിർമിച്ച് നൽകാമെന്ന് ചൈന

March 29, 2020

കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഇപ്പോൾ രോഗ വിമുക്തിയുടെ പാതയിലാണ്. അസുഖ ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ചപ്പോൾ താൽകാലിക ആശുപത്രികൾ ചൈന വുഹാനിൽ പടുത്തുയർത്തിയിരുന്നു. ഇന്ത്യയിൽ സ്ഥിതി ദിനംപ്രതി പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലുമാണ്.

ഈ അവസരത്തിൽ ചൈനയിൽ നിർമിച്ചതുപോലുള്ള താത്കാലിക ആശുപത്രികൾ ഇന്ത്യക്ക് നിർമിച്ച് നൽകാം എന്ന് അറിയിച്ചിരിക്കുകയാണ് ചൈന. ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊറോണ ബാധ നിയന്ത്രണാതീതമായാല്‍ രോഗികളെ ചികിത്സിക്കുന്നതിനായി താല്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. പത്തുദിവസം കൊണ്ട് 1000 കിടക്കകൾ ഉള്ള ആശുപത്രി ചൈന നിർമിച്ചിരുന്നു. ആളുകൾ രോഗ വിമുക്തരായതോടെ ഇത്തരം ആശുപത്രികൾ ഉപേക്ഷിക്കുകയായിരുന്നു.