115 രാജ്യങ്ങളിൽ കൊവിഡ്-19; വൈറസ് ബാധ ഏൽക്കാതെ 5 രാജ്യങ്ങൾ
ലോകം മുഴുവൻ പടർന്നു പിടിച്ച മഹാവ്യാധിയായി മാറിയിരിക്കുകയാണ് കൊവിഡ്-19. വളരെ ജാഗ്രതയോടെയാണ് ഓരോ രാജ്യങ്ങളും കൊവിഡ്-19 നേരിടുന്നത്. ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച് 115 രാജ്യങ്ങളിലാണ് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒട്ടേറെ പേര് രോഗബാധിതരായി തുടരുകയും നാലായിരത്തിൽ അധികം ആളുകൾ മരിക്കുകയും ചെയ്തു.
വളരെ ശക്തമായി പടരുന്ന ഈ വൈറസ് രോഗബാധിതമായ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ചില രാജ്യങ്ങളിൽ പോലും ബാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. രോഗബാധയിൽ നിന്നും രക്ഷപ്പെട്ട 5 രാജ്യങ്ങളാണ് സിറിയ, കെനിയ, തുർക്കി, മ്യാൻമർ, എത്യോപ്യ എന്നിവ.
സിറിയയിൽ രണ്ടുപേരെ സംശയാസ്പദമായി പരിശോധിച്ചെങ്കിലും രോഗബാധ കണ്ടെത്താൻ സാധിച്ചില്ല. വൈറസ് തടയാൻ സിറിയൻ സർക്കാർ മുൻകരുതലുകൾ സ്വീകരിച്ചിട്ടുമുണ്ട്. സിറിയ അതിർത്തി പങ്കിടുന്ന ലബനനിലും ഇറാഖിലും കൊറോണ ബാധ എത്തിയിരുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിൽ കെനിയയിലും എത്യോപ്യയിലും മാത്രമാണ് കൊവിഡ്-19 റിപ്പോർട്ട് ചെയ്യാത്തത്. ഒരു വിനോദ സഞ്ചാര കേന്ദ്രമായിട്ടും കൊവിഡ്-19 ബാധ ഉണ്ടാകാത്തത് വളരെ ആശ്വസനീയമാണ്. ഇനി റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാൽ തന്നെ നിയന്ത്രിക്കാൻ ആശുപത്രി സൗകര്യങ്ങൾ സുസജ്ജമാക്കിയിട്ടുണ്ട്.
ചൈനയോട് അതിർത്തി പങ്കിടുന്ന രാജ്യമാണ് മ്യാൻമർ. പക്ഷെ കൊറോണ ബാധ ഇവിടെത്തിയിട്ടില്ല. ചൈനയിൽ നിന്നുള്ള പൗരന്മാർക്ക് മ്യാൻമർ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ. ഇവിടെ ആളുകൾ കൂടുതലായതിനാൽ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അതേപടി പാലിക്കാറുണ്ട്. അതാവണം കൊറോണ ഇവിടെയും എത്താത്തതിന് പിന്നിൽ.