സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റി

March 20, 2020

സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹൈസ്‌ക്കൂള്‍, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പരീക്ഷകള്‍ മാറ്റി വയ്ക്കാന്‍ തീരുമാനമായത്.

പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സിബിഎസ്ഇ പരീക്ഷകള്‍ മാറ്റുകയും ചെയ്തു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റിയിട്ടും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റാതിരുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയരുന്നു.

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന യുജിസി നിര്‍ദ്ദേശവും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ പരീക്ഷകള്‍ തുടരുന്നത് ശരിയല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ പരീക്ഷകള്‍ എപ്പോള്‍ നടത്തും എന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കും ഉണ്ടാവുക.