വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്‌ട്രെസ് റെഡ്യൂസിങ് പെന്‍’ എന്ന ആശയം അവതരിപ്പിച്ച് തൃശ്ശൂര്‍ യൂണിവേഴ്‌സല്‍ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍
സ്‌ട്രെസ്… എന്ന വാക്ക് ഇന്ന് കുട്ടികള്‍ക്കു പോലും സുപരിചിതമാണ്. ചെറുപ്രായത്തിലേ സ്‌കൂളുകളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് വിദ്യാര്‍ത്ഥികള്‍ക്ക്. ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കാര്യങ്ങള്‍ എഴുതിപ്പഠിക്കുന്നവരാണ് വിദ്യാര്‍ത്ഥികളില്‍ ഏറെയും. ഇത് പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയാക്കാറുണ്ട്. കുട്ടികള്‍ എഴുതുമ്പോള്‍ പലപ്പോഴും അവര്‍ക്ക് മാനസികവും ശാരീരികവുമായ സ്‌ട്രെസ് അനുഭവപ്പെടുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ യൂണിവേഴ്‌സല്‍ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍.
മുഹമ്മദ് മഹീനും കൂട്ടരുമാണ് സ്‌ട്രെസ് റെഡ്യൂസിങ് പെന്‍ എന്ന ആശയം ഫ്ളവേഴ്‌സ് സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്അപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് തരത്തിലുള്ള പേനകള്‍ ഈ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തി. ഇതിലൊരു പേന ഉപയോഗിച്ച് എഴുതുമ്പോള്‍ അമിത സമ്മര്‍ദ്ദം ഉപയോഗിച്ചാല്‍ പേനയില്‍ ലൈറ്റ് തെളിയും. ഇതുവഴി കുട്ടിക്ക് എഴുതുമ്പോള്‍ സ്‌ട്രെസ് അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാം. രണ്ടാമത്തെ പേന ഉപയോഗിച്ച് എഴുതുമ്പോള്‍ സ്‌ട്രെസ് ഉണ്ടെങ്കില്‍ ബീപ് ശബ്ദം കേള്‍ക്കും. പേനയിലെ ശബ്ദം കുറയ്ക്കുന്നതിനുവേണ്ടി, കുട്ടികള്‍ സ്ട്രെസ് കുറച്ച് എഴുതാന്‍ ശ്രമിക്കും എന്നാണ് ഈ വിദ്യാര്‍ത്ഥി സംരംഭകര്‍ അവകാശപ്പെടുന്നത്.
മഹാത്മാ ഗാന്ധിയുടെ ‘വേലയില്‍ വിളയുന്ന വിദ്യാഭ്യാസം’ എന്ന ആശയത്തില്‍ നിന്നും ഉടലെടുത്തതാണ് ഫ്ളവേഴ്‌സ് സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്അപ്പ്. പഠനത്തോടൊപ്പം നൂതന ആശയങ്ങള്‍ കണ്ടെത്തി, പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ വലിയ വാതായനങ്ങള്‍ തുറക്കുകയാണ് ഈ പരിപാടി.