ജെസിബിയും ക്രെയിനും റോഡ് റോളറും; 69- ആം വയസ്സിലും വളയം പിടിച്ച് ഒരു സൂപ്പർ ലേഡി
പ്രായം ചിലപ്പോൾ ആരോഗ്യത്തെ തോൽപ്പിക്കാറുണ്ട്. എന്നാൽ പ്രായത്തെ തോൽപ്പിച്ച്, റോഡിലെ താരമാകുകയാണ് രാധാമണി ‘അമ്മ. ഹെവി ഡ്യൂട്ടി ലൈസൻസുമായി ജെസിബിയും ക്രെയിനും റോഡ് റോളറും തുടങ്ങി ഒരു ആരോഗ്യവാനായ മനുഷ്യന് സാധ്യമാകുന്ന എല്ലാ വാഹനങ്ങളുടെ വളയവയും വളരെ ഈസിയായി വഴങ്ങും രാധാമണി ‘അമ്മയ്ക്ക്.
69 കാരിയായ രാധാമണി ‘അമ്മയെ നോക്കി പ്രായം പോലും അത്ഭുതത്തോടെ നോക്കാറുണ്ട്. 1981 ലാണ് രാധാമണി ‘അമ്മ ആദ്യമായി ലൈസൻസ് എടുക്കുന്നത്. ടു വീലർ, ത്രീ വീലർ, ഫോർ വീലർ, ഹെവി വെഹിക്കിൾസ്, ക്രെയിൻ, ട്രാക്ടർ, റോഡ് റോളർ, ജെസിബി അങ്ങനെ 11 ലൈസൻസ് രാധാമണി അമ്മയ്ക്കുണ്ട്. അറുപതാം വയസിലാണ് ജെസിബി ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ലൈസൻസ് ഇവർ കരസ്ഥമാക്കിയത്. ഹെവി എക്വിപ്മെന്റ് ലൈസന്‍സ് കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ വനിതയും രാധാമണിയാണ്.
റോഡ് റോളറും ക്രെയിനും വരെ ഓടിക്കുന്ന രാധാമണിയമ്മയ്ക്ക് ഏറ്റവും ഇഷ്ടം ഫോര്‍ക്ക് ലിഫ്റ്റ് ഓടിക്കാനാണ്. ധാരാളം തൊഴിലവസരങ്ങൾ ഉള്ള മേഖലയാണ് ഇതെന്നും രാധാമണി ‘അമ്മ പറയുന്നുണ്ട്. ഓട്ടോ ഓടിക്കാനും കാർ ഓടിക്കാനും സ്ത്രീകൾ ഇറങ്ങിയതുപോലെ ഹെവി വെഹിക്കിൾസും സ്ത്രീകൾ ഓടിക്കണമെന്നാണ് രാധാമണി അമ്മയുടെ അഭിപ്രായവും.
വാഹനങ്ങൾ ഓടിക്കാൻ ഇറങ്ങിയപ്പോൾ തന്നെ നോക്കി അത്ഭുതപ്പെട്ടവരും പരിഹസിച്ചവരും ധാരാളം ഉണ്ട്. എന്നാൽ മനസും ആരോഗ്യവും ഉണ്ടെങ്കിൽ എല്ലാം സാധ്യമാകും എന്നാണ് രാധാമണി ‘അമ്മ പറയുന്നത്.