കൊവിഡ് 19- മാസ്ക് ധരിക്കേണ്ടത് എങ്ങനെ..? അറിഞ്ഞിരിക്കാം ചില ആരോഗ്യ കാര്യങ്ങൾ
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ നൂറ് രാജ്യങ്ങളിലും കൊവിഡ്- 19 ന്റെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്ന ഒരു ഉപാധി മാസ്ക് ധരിക്കുക എന്നതുതന്നെയാണ്.
സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക്കുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. സാധാരണയായി നീലയും പച്ചയും വെള്ളയും നിറത്തിലുള്ള ശസ്ത്രക്രിയ മാസ്കുകളാണ് ലഭ്യമാകുന്നത്. അതേസമയം മാസ്ക് ധരിക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സർജിക്കൽ ഫേസ് മാസ്ക്
സർജിക്കൽ ഫേസ് മാസ്ക് പൊതുവെ ഉപയോഗിക്കുന്നത് രോഗമോ രോഗലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നവരോ ആണ്. രോഗാണുക്കൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.
ഫേസ് മാസ്ക്
രോഗികളും രോഗലക്ഷങ്ങൾ ഉള്ളവരും മൂന്ന് ലെയറുകൾ ഉള്ള മാസ്ക് ആണ് ധരിക്കേണ്ടത്. നീലയോ പച്ചയോ നിറത്തിലുള്ളവയാണ് ഇത്തരം മാസ്കുകൾ. നീലയോ പച്ചയോ നിറമുള്ള ഭാഗം ഉൾ വശത്ത് വരുന്ന രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്.
മാസ്കിന്റെ ഇടയിലുള്ള ഒരു പാളിയിൽ സപർശിച്ചു നോക്കുമ്പോൾ (നീല കളറുള്ള ഭാഗത്ത്) മെഴുക് പോലുള്ള ഒരു വസ്തു കാണപ്പെടും. ഇത് പുറമെ നിന്നുള്ള ബാഷ്പത്തെയും വലിയ കണികകളെയും ഒരു പരിധിവരെ അകത്തേക്ക്കടക്കുന്നത് തടയും.
മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ അകത്തേക്ക് കടക്കാതെ ഇത് സഹായിക്കും. അതേസമയം സൂക്ഷ്മ രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത് പൂർണമായും തടയാൻ ഇതിന് സാധിക്കില്ല.
മാസ്കിന്റെ വെള്ള നിറമുള്ള ഭാഗം നീല ഭാഗത്തെ അപേക്ഷിച്ച് മൃദുലമാണ്. നമ്മൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് വരുന്ന അണുക്കൾ പുറത്തേക്ക് പോകുന്നത് ഈ ലെയർ തടയും.
മാസ്ക് ഉപയോഗിക്കേണ്ടത് എപ്പോൾ...?
രോഗം ഇല്ലാത്തവർ യാത്ര ചെയ്യുമ്പോഴും മറ്റും മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ മാസ്ക് ധരിച്ചതുകൊണ്ടുമാത്രം പൂർണമായും സേഫ് ആകണമെന്നില്ല. അതുപോലെ അനാവശ്യമായി മാസ്കുകൾ വാങ്ങികൂട്ടിയാൽ വിപണയിൽ ഇതിന്റെ ദൗർലഭ്യം ഉണ്ടാകും. ഇതോടെ അവശ്യം വേണ്ടവർക്ക് ഇത് ലഭിക്കാതിരിക്കും.
മാസ്ക് ഉപയോഗിക്കേണ്ടത് എങ്ങനെ..?
മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ശ്വാസം എടുക്കാൻ അല്പം പ്രയാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ കൂടുതൽ നേരം ഇത് ഉപയോഗിക്കാൻ പാടില്ല. ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവർ ഇത് അധികസമയം ഉപയോഗിക്കരുത്.
N 95 മാസ്കുകൾ
ആരോഗ്യപ്രവർത്തകരും രോഗിയെ നേരിട്ട് പരിചരിക്കുന്നവരും ധരിക്കേണ്ടത് N 95 എന്ന മാസ്കാണ്. ഇത് സാധാരണക്കാർ ഉപയോഗിക്കേണ്ട ആവശ്യമില്ല. സാധാരണ സർജിക്കൽ മാസ്ക് 4-6 മണിക്കൂർ കഴിയുമ്പോൾ മാറ്റണം.
മാസ്ക് നനയുകയോ ഉപയോഗശൂന്യമാകുകയോ ചെയ്താൽ സുരക്ഷിതമായി ഇവ നീക്കം ചെയ്യുക. മാസ്കിന്റെ അകത്ത് വശത്ത് സ്പർശിക്കാതെ, സൈഡിലുള്ള വള്ളികൾ പിന്നിൽ കെട്ടുകയോ ചെവിയിൽ വള്ളികൾ കുടുക്കുകയോ ചെയ്യണം.
വ്യക്തിത്വ ശുചിത്വം ഉറപ്പുവരുത്തുക
ഈ സാഹചര്യത്തിൽ വ്യക്തിത്വ ശുചിത്വം ഉറപ്പുവരുത്തണം. കൈകൾ വൃത്തിയായി സൂക്ഷിക്കണം. ഇടയ്ക്കിടെ മുഖത്തും കണ്ണുകളിലും മൂക്കിലും തൊടാതിരിക്കുക. ഒരു മണിക്കൂറിൽ പലതവണ കൈകൾ കഴുകുന്നത് ശീലമാക്കുക. ചുമയ്ക്കുമ്പോൾ കർചീഫോ, ടിഷ്യു പേപ്പറോ നിർബന്ധമായും ഉപയോഗിക്കണം. കൈപ്പത്തികൾ ഉപയോഗിച്ച് മുഖം പൊത്തി തുമ്മരുത്. പൊതുസ്ഥലങ്ങളിൽ നിൽക്കുമ്പോൾ പരമാവധി കൈവരികളിലും ചുമരിലും തൊടുന്നത് ഒഴിവാക്കുക.