ബട്ടൻസും റബ്ബർ ബാന്റുമുണ്ടോ?കണ്ണട ഉപയോഗിക്കുന്നവർക്ക് ചെവികൾക്ക് ആയാസമുണ്ടാക്കാതെ മാസ്‌ക് ധരിക്കാം- വീഡിയോ പങ്കുവെച്ച് നടൻ മാധവൻ

October 2, 2020

മാസ്‌ക് ജീവിതരീതിയുടെ ഭാഗമായി കഴിഞ്ഞു. ഇനി മുന്നോട്ടും ഏറെക്കാലം പുതിയ ശീലങ്ങളെ ജനങ്ങൾ കൂടെക്കൂട്ടേണ്ടതുണ്ട്. വിവിധ തരത്തിലുള്ള മാസ്കുകൾ വിപണിയിലുണ്ടെങ്കിലും ഷീൽഡ് മാസ്‌ക് ഒഴികെ ബാക്കിയെല്ലാം ചെവിയുടെ സഹായത്തോടെയാണ് മുഖത്ത് ധരിക്കേണ്ടത്. ഇരുവശവുമുള്ള ഇലാസ്റ്റിക് ചെവിയിൽ കൊരുത്തുവേണം മാസ്‌ക് വയ്ക്കാൻ. എന്നാൽ സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവർക്ക് ഇങ്ങനെയുള്ള മാസ്‌ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

കണ്ണടയുടെ കാലുകളും മാസ്‌കിന്റെ ഇലാസ്റ്റിക്കും ചെവിക്ക് വലിയ ആയാസം സൃഷ്ടിക്കും. എന്നാൽ, ഈ പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹരം കാണാം. രണ്ടു റബ്ബർ ബാൻഡും രണ്ടു ബട്ടൻസും മാത്രം മതി. ബട്ടൻസ് കണ്ണടയുടെ കാലിൽ റബ്ബർ ബാൻഡ് ഉപയോഗിച്ച് ഉറപ്പിച്ചാൽ മാസ്‌കിന്റെ ഇലാസ്റ്റിക് ബട്ടൻസിൽ കൊരുക്കാം. ഇതിലൂടെ ചെവിക്ക് യാതൊരു പ്രയാസവും ഉണ്ടാകുന്നുമില്ല.

https://www.instagram.com/p/CF2AvLfDXT5/?utm_source=ig_web_copy_link

വളരെ പ്രയോജനപ്രദമായ ഈ മാർഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് നടൻ മാധവനാണ്. കണ്ടപ്പോൾ ഉപകാരപ്രദമെന്നു തോന്നിയ വീഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയായിരുന്നു താരം. മാധവന് നന്ദി അറിയിച്ച് ആരാധകരും എത്തി.

അതേസമയം, നിശബ്ദം എന്ന ചിത്രത്തിന്റെ റീലിസ് തിരക്കിലാണ് മാധവൻ. അനുഷ്ക ഷെട്ടിയും മാധവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇന്നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. മൂകയായ ആര്‍ടിസ്റ്റ് ആയാണ് അനുഷ്‌ക അഭിനയിക്കുന്നത്. സംഗീതജ്ഞൻ ആന്റണിയായി മാധവനും എത്തുന്നു. ഒരു കൊലപാതക രഹസ്യത്തെയും പ്രേത ഭവനത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Story highlights- creative mask idea for specs users